
ഗീതാദര്‍ശനം - 149
Posted on: 17 Feb 2009
സി. രാധാകൃഷ്ണന്‍
കര്‍മ സംന്യാസയോഗം
സന്ന്യാസസ്തു മഹാബാഹോ
ദുഃഖമാപ്തുമയോഗതഃ
യോഗയുക്തോ മുനിര്‍ബ്രഹ്മ
നചിരേണാധിഗച്ഛതി
ഹേ മഹാബാഹോ, കര്‍മയോഗം കൂടാതെ സന്ന്യാസം സാധിക്കുക പ്രയാസമാണ്. (കര്‍മ) യോഗയുക്തനായ മുനിയാകട്ടെ ബ്രഹ്മസാരൂപ്യം വേഗത്തില്‍ കൈവരിക്കുന്നു.
ദ്വന്ദ്വങ്ങളെ അതിജീവിക്കലാണ് സന്ന്യാസം എന്ന് നിര്‍വചിച്ചു. ആ അതിജീവനത്തിന് രണ്ടു കാര്യങ്ങള്‍ വേണം. ഒന്ന്: ഇഷ്ടാനിഷ്ടങ്ങള്‍ കൂടാതെ അവയെ കൈകാര്യം ചെയ്യാന്‍ ശീലിക്കണം. (മഹാബാഹോ എന്ന സംബോധന ശ്രദ്ധിക്കുക. മഹത്ത്വമുള്ള ആ കൈകള്‍ കര്‍മം ചെയ്യാനുള്ളവയാണ്). രണ്ട്: ആ കൈകാര്യത്തിലൂടെ വിവേകം നേടണം. ഇരുട്ടിനെ അറിഞ്ഞ് അതുമായി താരതമ്യം ചെയ്യാതെ വെളിച്ചത്തെ അറിയാനാവില്ല. ഇവയുടെ പരസ്പരബന്ധം പിടികിട്ടാതെ പ്രകൃതിയെ മനസ്സിലാവില്ല. പരീക്ഷണനിരീക്ഷണങ്ങള്‍ മനനത്തിനു മുന്‍നടക്കണം. ഇരുളിനെയും വെളിച്ചത്തെയും അറിഞ്ഞുകഴിഞ്ഞാല്‍ രണ്ടിനെയും കൈയൊഴിയാം. ഈശ്വരധ്യാനം ചെയ്യുന്നവന്‍ മുനി. കര്‍മയോഗത്തില്‍ അടിയുറച്ച മുനിക്ക് (ഈ വിധത്തില്‍) കാര്യസാധ്യം പെട്ടെന്നുണ്ടാകുന്നു. (തുടരും)





