
ഗീതാദര്‍ശനം - 147
Posted on: 14 Feb 2009
സി. രാധാകൃഷ്ണന്‍
കര്‍മ സംന്യാസയോഗം
സാംഖ്യയോഗൗ പൃഥക് ബാലാഃ
പ്രവദന്തി ന പണ്ഡിതാഃ
ഏകമപ്യാസ്ഥിതഃ സമ്യക്
ഉഭയോര്‍വിന്ദതേ ഫലം
സാംഖ്യവും (ജ്ഞാനമാര്‍ഗം) (കര്‍മ)യോഗവും വെവ്വേറെയാണെന്ന് ബാലിശന്മാരേ പറയൂ; (ബ്രഹ്മ)ജ്ഞാനമുള്ളവര്‍ പറയില്ല. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ സമഗ്രമായി അടിയുറപ്പിച്ചവന്‍ രണ്ടിന്റെയും ഫലം കൈവരിക്കുന്നു.
നിവൃത്തിയും (ഒന്നും ചെയ്യാതിരിക്കല്‍) അടിസ്ഥാനപരമായി ഒരു പ്രവൃത്തിതന്നെ എന്ന നറുചിരിയാണ് വ്യാസരുടെ ചുണ്ടിലുള്ളത്. അകര്‍മത്തിനും പ്രതികരണങ്ങള്‍ അനിവാര്യം. കര്‍മയോഗം വശമാകാതെ ജ്ഞാനയോഗം നടപ്പില്ല. ജ്ഞാനം കൂടാതെ കര്‍മയോഗവും പറ്റില്ല. (ഒന്ന് മറ്റേതിലേക്ക് നയിക്കുന്നു.) അപ്പോള്‍, ഏതെങ്കിലും ഒന്നെന്നു പറയുന്നത് രണ്ടിന്റെയും സമഞ്ജസമായ ചേരുവയാണ്. ഏതെങ്കിലും ഒന്നില്‍ സമഗ്രമായി ഏര്‍പ്പെടുന്നവന്‍ യഥാര്‍ഥത്തില്‍ രണ്ടിലും ഏര്‍പ്പെടുന്നവനാകയാല്‍ രണ്ടിന്റെയും ഫലം നേടുന്നു.
(തുടരും)





