കുറിഞ്ഞിമല ദേശീയോദ്യാനം കടലാസിലൊതുങ്ങുന്നു

Posted on: 20 Nov 2012

എസ്.ഡി.സതീശന്‍ നായര്‍



കൈയേറ്റക്കാര്‍ക്കെതിരെ നടപടിയില്ല
കോട്ടയം: ഇടുക്കി ജില്ലയിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളിലെ ഭൂമികൈയേറ്റം ഒഴിപ്പിക്കാത്തത് നീലക്കുറിഞ്ഞി സംരക്ഷണത്തിനായി പ്രഖ്യാപിച്ച ദേശീയോദ്യാനം യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള ജോര്‍ജ് മൈജോ കമ്പനിയും ഒട്ടേറെ വ്യക്തികളും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഇവിടെ കൈയേറിയതായി വ്യക്തമായിട്ടും റവന്യു, വനം, വകുപ്പുകള്‍ നിശ്ശബ്ദത പാലിക്കുകയാണ്.

മൂന്നാര്‍ മേഖലയിലെ ഭൂമി തട്ടിപ്പുകേസുകള്‍ അന്വേഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നതാണ്. എന്നാല്‍, വട്ടവടയിലെ കൈയേറ്റം അവരും കണ്ടില്ലെന്നുനടിക്കുന്നു. ജോര്‍ജ് മൈജോ കമ്പനിയുടെ കൈയേറ്റവും ഇതിന് സി.പി.എം. നേതാവ് പി.രാമരാജ് സഹായം നല്‍കിയതും രഹസ്യാന്വേഷണവിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് റവന്യു വകുപ്പിന് കൈമാറിയിട്ടും നടപടിയില്ല. ഇടുക്കി ജില്ലയില്‍ ഭൂമികൈയേറ്റത്തിനെതിരെയുള്ള എല്ലാ നീക്കവും റവന്യു വകുപ്പിന്റെ ഉന്നതതലങ്ങളില്‍നിന്നുള്ള ഇടപെടല്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. കൈയേറ്റക്കാര്‍ക്കനുകൂലമായ നിലപാടാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടേതെന്ന് ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മറ്റൊരു വകുപ്പിന്റെ സെക്രട്ടറിയാക്കിയെങ്കിലും പകരം ആളെ നിയമിക്കാത്തതിനാല്‍ കമ്മീഷണര്‍ പദവിയില്‍നിന്ന് ഒഴിവാക്കിയിട്ടുമില്ല.

കൊട്ടാക്കമ്പൂര്‍ വില്ലേജിലെ കടവരിയില്‍ ബ്ലോക്ക് നമ്പര്‍ 58-ല്‍ പഴയ സര്‍വേ നമ്പര്‍ 71/1-1ല്‍പ്പെട്ട നാലേക്കര്‍ സ്ഥലത്തിന് പി.രാമരാജ് രണ്ട് പട്ടയരേഖകള്‍ സൃഷ്ടിച്ചത് 'മാതൃഭൂമി' നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 29/5/1998-ല്‍ ദേവികുളം സബ് രജിസ്ട്രാര്‍ 14853 എല്‍.എ.1/98 നമ്പരില്‍ പട്ടയം അനുവദിച്ചതായി രാമരാജ് അവകാശപ്പെട്ടിരുന്നു. അഞ്ചുമാസത്തിനു ശേഷം ഈ ഭൂമി എറണാകുളം മരട് സ്വദേശിയായ ഒരാള്‍ക്ക് മുക്ത്യാറിലൂടെ കൈമാറി.

ചെന്നൈ ആസ്ഥാനമായ ജോര്‍ജ് മൈജോ കമ്പനിയുടെ പ്രതിനിധിയായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ ഏലുമലൈ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് മുക്ത്യാര്‍ രജിസ്റ്റര്‍ ചെയ്തത്. മുക്ത്യാറിനൊപ്പം പട്ടയവും രാമരാജ് കൈമാറിയിരുന്നു. ജോര്‍ജ് മൈജോ ഗ്രൂപ്പ്, പി.രാമരാജിന്‍േറതുള്‍പ്പെടെ നൂറിലേറെ മുക്ത്യാറുകള്‍ സംഘടിപ്പിച്ചിരുന്നു. 'കടവരി പാര്‍ക്ക്' എന്ന പേരില്‍ വില്ല പ്രോജക്ട് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരില്‍നിന്ന് നിക്ഷേപം സ്വീകരിച്ച് ഈ ഭൂമി അവരുടെ പേരില്‍ എഴുതിനല്‍കുകയും ചെയ്തു.

കമ്പനിക്ക് നല്‍കിയ മുക്ത്യാര്‍ പ്രാബല്യത്തിലിരിക്കെ, അതേ ഭൂമിതന്നെ 2009 ജൂണ്‍ 30ന് ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പ്രമാണത്തിലൂടെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍ താമസക്കാരായ ആറുപേര്‍ക്ക് പി.രാമരാജ് മറിച്ചുവിറ്റു.

ഭൂമിയുടേതായി മറ്റൊരു പട്ടയം ഇവര്‍ക്കും നല്‍കി. സാങ്ച്വറിയുടെ അതിര്‍ത്തിനിര്‍ണയത്തിന് രേഖകള്‍ ഹാജരാക്കാന്‍ 2010-ല്‍ റവന്യു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ ജോര്‍ജ് മൈജോ കമ്പനിയും രാമരാജില്‍നിന്ന് ഭൂമി പിന്നീട് വാങ്ങിയവരും രേഖകള്‍ നല്‍കി. രണ്ടിനും ഒപ്പം രാമരാജ് നല്‍കിയ പട്ടയങ്ങളും ഉണ്ടായിരുന്നു. രണ്ടും തമ്മില്‍ ഒട്ടേറെ അന്തരങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ഒരേ ഭൂമിക്ക് രണ്ട് പട്ടയങ്ങളുണ്ടെന്നുവന്നതോടെ ഇത് വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും രാമരാജിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജോര്‍ജ് മൈ ജോ ഗ്രൂപ്പ് 1500 ഓളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിറ്റ് പണമാക്കിയതിനെതിരെയും നടപടിയില്ല. ഭൂമി കൈയേറിയതിന്റെ പേരിലുള്ള നിയമനടപടികള്‍ ഒഴിവാക്കിയാല്‍ സ്ഥലം സര്‍ക്കാരിനു വിട്ടുനല്‍കാമെന്ന വിചിത്രവാഗ്ദാനവുമായി കമ്പനി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണിപ്പോള്‍. റവന്യു വകുപ്പില്‍ കമ്പനിക്കും കൈയേറ്റക്കാര്‍ക്കും അനുകൂലമായ നീക്കങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണവിഭാഗം പറയുന്നു.



MathrubhumiMatrimonial