
ഗീതാദര്‍ശനം - 145
Posted on: 13 Feb 2009
സി. രാധാകൃഷ്ണന്‍
കര്‍മസംന്യാസയോഗം
ശ്രീഭഗവാനുവാച:
സന്ന്യാസഃ കര്‍മയോഗശ്ച
നിഃശ്രേയസ്‌കരാവുഭൗ
തയോസ്തു കര്‍മസന്ന്യാസാത്
കര്‍മയോഗോ വിശിഷ്യതേ
ശ്രീഭഗവാന്‍ പറഞ്ഞു:
കര്‍മസന്ന്യാസവും കര്‍മയോഗവും രണ്ടും ശ്രേയസ്‌കരങ്ങളാണ്. ഇവയില്‍വെച്ച് കര്‍മസന്ന്യാസത്തേക്കാള്‍ കര്‍മയോഗം വിശിഷ്ടമാണ്.
സന്ദര്‍ഭോചിതമായ ഒരര്‍ഥവും ശാശ്വതമായ താത്ത്വികാര്‍ഥവും ഈ വരികള്‍ക്കുണ്ട്. സ്വജനങ്ങളെ കൊല്ലുന്നതില്‍ ഭേദം എല്ലാമുപേക്ഷിച്ച് പിച്ചയെടുത്ത് (സന്ന്യാസിയായി) കഴിയുകയാണെന്നാണ് അര്‍ജുനന്റെ നിലപാട്. ഇതൊരു ഗതികേടില്‍നിന്ന് രക്ഷപ്പെടാനുള്ള ഒളിച്ചോട്ടമോഹം മാത്രമാണ്; ശരിയായ തിരിച്ചറിവില്‍നിന്നുണ്ടായ നിശ്ചയമല്ല. അതിനാലത് കര്‍മസന്ന്യാസംപോലും അല്ല. ഇത്രയും സാന്ദര്‍ഭികമായ സാരം. അഥവാ ഇനി ഈ നിശ്ചയം ശരിയായ തിരിച്ചറിവില്‍നിന്ന് ഉണ്ടായതാണെങ്കില്‍ത്തന്നെ അതിനെക്കാള്‍ ശ്രേയസ്‌കരം നിഷ്‌കാമകര്‍മമാണ് എന്ന് ശാശ്വതമായ താത്ത്വികാര്‍ഥം. എങ്ങനെയാണത് കൂടുതല്‍ ശ്രേയസ്‌കരമാകുന്നത്? ധര്‍മക്ഷേത്രത്തില്‍ തിന്മയെ വാഴാന്‍ വിട്ടുകൊണ്ട് കര്‍മത്യാഗം ചെയ്യുന്നത് പ്രകൃതിക്ക് അഹിതകരമായതിനാല്‍ത്തന്നെ. തന്റെതന്നെ ശരീരം എന്ന ക്ഷേത്രത്തിലായാലും സമൂഹം അഥവാ വിശ്വം എന്ന ക്ഷേത്രത്തിലായാലും നിഷ്‌കാമനായും ദ്വേഷിക്കാതെയും ഏത് കര്‍ത്തവ്യവും നിറവേറ്റുന്നതിനാണ് കൂടുതല്‍ വൈശിഷ്ട്യം.
(തുടരും)





