
ഗീതാദര്‍ശനം - 144
Posted on: 12 Feb 2009
സി. രാധാകൃഷ്ണന്‍
കര്‍മസംന്യാസയോഗം
അര്‍ജുന ഉവാച:
സന്ന്യാസം കര്‍മണാം കൃഷ്ണ
പുനര്‍യോഗം ച ശംസസി
യച്ഛ്‌റേയ ഏതൊയരേകം
തന്മേ ബ്രൂഹി സുനിശ്ചിതം
അര്‍ജുനന്‍ പറഞ്ഞു:
കൃഷ്ണാ, അങ്ങ് കര്‍മങ്ങളുടെ സന്ന്യാസത്തെയും പിന്നെ (കര്‍മങ്ങളുടെ) യോഗത്തെയും (മാറിമാറി) പ്രശംസിക്കുന്നു. ഈ രണ്ടില്‍ ഏതാണ് ശ്രേയസ്‌കരമെന്ന് സുനിശ്ചിതമായി പറഞ്ഞുതന്നാലും.
ഉച്ചനീചത്വ കല്പനയോടുള്ള ജാതിയേര്‍പ്പാട് അന്നേ നിലനിന്നിരുന്നു. ജോലിയൊന്നും ചെയ്യാതിരിക്കലാണ് ആഢ്യത്വമെന്ന ധാരണ സമൂഹത്തില്‍ ഉണ്ടായിരുന്നു. അര്‍ഥം ഗ്രഹിക്കാതെ കാണാപ്പാഠം പഠിച്ച തന്ത്രമന്ത്രങ്ങളുടെ പേരില്‍ അറിവിന്റെ ഉടമസ്ഥരും സര്‍വസംഗപരിത്യാഗികളുമായി അറിയപ്പെട്ടവര്‍ (അവരെക്കൂടി തീറ്റിപ്പോറ്റാന്‍) വിയര്‍ത്തു പണിയുന്നവര്‍ക്ക് പതിത്വം കല്പിച്ചും തീണ്ടായ്മകള്‍ നടപ്പാക്കിയും അധീശന്മാരായി വാഴുകയായിരുന്നു. (ഭീഷ്മര്‍ ശരശയ്യയില്‍ കിടന്ന് യുധിഷ്ഠിരന് നല്കുന്ന 'ധര്‍മോപദേശ'ത്തില്‍ ജാതിഭേദങ്ങള്‍ നിലനിര്‍ത്തേണ്ടത് രാജാവിന്റെ ധര്‍മമായി പറയുന്നു. ഈ 'ധര്‍മ'ത്തെ പരിപാലിച്ചാണ് ഭീഷ്മപിതാമഹന് ശരശയ്യയില്‍ വീണു കിടക്കേണ്ടിവന്നത് എന്ന വ്യാസനര്‍മം തിരിച്ചറിയാതെ, ഭീഷ്മരുടെ ഈ വാക്കുകള്‍ ചിലര്‍ ഭാരതസന്ദേശമായി എടുത്തു. അതും പോരാഞ്ഞ് മറ്റു ചിലര്‍ ഇതിനെ വ്യാസരുടെതന്നെ അഭിപ്രായമെന്നുപോലും വിലയിരുത്തി!).
യജ്ഞം എന്ന ആശയത്തെ വികലമാക്കി ദുരുപയോഗം ചെയ്യുന്നവരില്‍നിന്ന് അതിനെ മോചിപ്പിച്ച്, സ്ഥാനമാനഭേദമൊന്നും കൂടാതെ എല്ലാവര്‍ക്കും ജീവിതത്തില്‍ പുലര്‍ത്താവുന്ന ഒരു മനോഭാവമെന്ന, സനാതനവും ശരിയുമായ, നിര്‍വചനത്തിലേക്ക് നയിക്കുന്നത് കഴിഞ്ഞ അധ്യായത്തില്‍ കണ്ടു. അതേ രീതിയില്‍ കര്‍മത്തിന്റെ മഹത്ത്വത്തെയും ശരിയായ അര്‍ഥത്തെയും ജനമനസ്സില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് ഈ അധ്യായം. അതോടൊപ്പം ആ കര്‍മത്തിലൂടെ എങ്ങനെ ആത്മസാക്ഷാത്കാരം സാധിക്കാമെന്ന് കാണിക്കുകയും ചെയ്യുന്നു.
സ്വത്വവികസനത്തിന് മൂന്നു പടികളാണ് കയറേണ്ടത്. ആദ്യം ജാഡ്യത്തില്‍നിന്ന് സക്രിയാവസ്ഥയിലേക്ക് വരണം. അതായത് ആലസ്യം കൈയൊഴിയണം. പിന്നെ, ക്രിയകളെ അടിമുടി യജ്ഞഭാവനയോടെയുള്ള നിഷ്‌കാമ കര്‍മങ്ങളാക്കണം. തുടര്‍ന്ന്, ഇങ്ങനെ ശുദ്ധമാക്കിയ മനോബുദ്ധികള്‍കൊണ്ട് പ്രയത്‌നനിച്ച്, തന്റെ ഉണ്മയെ കണ്ടെത്തണം.
(തുടരും)





