
ഗീതാദര്‍ശനം - 142
Posted on: 09 Feb 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
തസ്മാദജ്ഞാനസംഭൂതം
ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ
ഛിതൈ്വനം സംശയം യോഗം
ആതിഷേ്ഠാത്തിഷ്ഠ ഭാരത
അതിനാല്‍, അല്ലയോ അര്‍ജുനാ, ഹൃദയത്തിലിരിക്കുന്നതും അജ്ഞാനംകൊണ്ട് ഉണ്ടായതുമായ (ആത്മവിഷയമായ) സംശയത്തെ ആത്മജ്ഞാനമാകുന്ന വാളുകൊണ്ട് ഛേദിച്ചിട്ട് യജ്ഞഭാവനയില്‍ അടിയുറച്ചു നില്ക്കുക, എഴുന്നേല്‍ക്കുക.
ഹൃദയത്തെ സ്നേഹകാരുണ്യവാത്സല്യാദികളുടെയെല്ലാം ഇരിപ്പിടമായാണ് ഋഷി പരികല്പിക്കുന്നത്. പ്രാണന്റെ കേന്ദ്രബിന്ദുവായ അവിടത്തില്‍ത്തന്നെയാണ് ബുദ്ധിയുടെയും സ്ഥാനം. സംശയം കുടിയേറുന്നതും ജ്ഞാനം ഇരിക്കേണ്ടതും അവിടെത്തന്നെയാണ്. ആത്മവിഷയമായ സംശയത്തെ ആത്മജ്ഞാനംകൊണ്ട് അറുത്തുമാറ്റാനാണ് ആഹ്വാനം. രണ്ടിനും ഒരുമിച്ച് അവിടെ ഇരിക്കാനാവില്ല.
ഈ യുദ്ധത്തില്‍ എന്തിനെതിരെയാണ് ആയുധം ഉപയോഗിക്കേണ്ടതെന്ന് പലതവണ ഈ അധ്യായത്തില്‍ എടുത്തുപറയുന്നു. അരിഞ്ഞുതള്ളുക, വെട്ടിവീഴ്ത്തുക എന്നീ നിര്‍ദേശങ്ങള്‍ എന്തിനെതിരെ പുറപ്പെടുന്നു എന്നു കാണുക. ദുര്യോധനാദികളെയോ ഗുരുകാരണവന്മാരെയോ അല്ല വെട്ടാനും വീഴ്ത്താനുമുള്ളത്.
യോഗത്തില്‍ ദൃഢമായി നിലയുറപ്പിക്കാനായി എഴുന്നേല്‍ക്കുക എന്നാണ് അവസാനവാക്ക്. ഈ യോഗം ഏതെങ്കിലും പുരോഹിതനോ ദല്ലാളോ വിലയ്ക്ക് വില്ക്കുന്നതോ ഏതെങ്കിലും ജാതിമതലിംഗപ്രായപരിധികള്‍ക്ക് അകത്തുമാത്രം കിട്ടാവുന്നതോ ഹിമാലയഗുഹകളില്‍ കഠിനതപസ്സനുഷ്ഠിക്കുന്ന ആളുകളില്‍നിന്ന് രഹസ്യമായി ഗ്രഹിക്കാവുന്നതോ ഒന്നുമല്ല. ആര്‍ക്കും കിട്ടാവുന്നതും വളരെ സുഖകരമായി പരിശീലിക്കാവുന്നതും ഒരിക്കല്‍ വശമാക്കിയാല്‍ ഒരുകാലത്തും കൈമോശം വരാത്തതുമാകുന്നു. ഹൃദയത്തില്‍ അറിവിന്റെ വിളക്ക് ഒരിക്കല്‍ കൊളുത്തിക്കിട്ടിയാല്‍ ഒരിക്കലുമത് അണയുന്നില്ല. ആരാലും അത് കെടുത്താനാവുകയുമില്ല. ഈ പ്രപഞ്ചത്തില്‍ ഏറ്റവും പവിത്രമായത് ആ വെളിച്ചമാണ്.
ഇതി ജ്ഞാനകര്‍മസന്ന്യാസയോഗോ നാമ ചതുര്‍ത്‌ഥോ/ധ്യായഃ
ജ്ഞാനകര്‍മസന്ന്യാസയോഗമെന്ന നാലാമധ്യായം സമാപിച്ചു.
(തുടരും)





