
ഗീതാദര്‍ശനം - 141
Posted on: 09 Feb 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
യോഗന്നസ്ത കര്‍മാണം
ജ്ഞാനസംഛിന്നസംശയം
ആത്‌വന്തം ന കര്‍മാണി
നിബന്ധന്തി ധനഞ്ജയ
ഹേ അര്‍ജുനാ, യജ്ഞഭാവനയിലൂടെ കര്‍മത്തെ സന്ന്യസിച്ചവനും ജ്ഞാനംകൊണ്ട് സംശയത്തെ ഛേദിച്ചവനും ആത്മലാഭമുണ്ടായവനുമായ ആളെ കര്‍മങ്ങള്‍ ബന്ധിക്കുന്നില്ല.
സ്വാതന്ത്ര്യമാണ് പരമമായ ശാന്തി. കര്‍മസന്ന്യാസം കര്‍മത്തില്‍നിന്നുള്ള ഭൗതികമായ പിന്മാറലല്ല, യജ്ഞസങ്കല്പത്തോടെ എല്ലാ കര്‍മവും കുശലതയോടെ ചെയ്യലാണ്. അതാണ് കര്‍മയോഗം. അതിനു കഴിവുണ്ടാകണമെങ്കില്‍ തന്റെ യഥാര്‍ഥ ഉണ്‍മയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും നേരറിവുകൊണ്ട് വെട്ടിത്തെളിച്ചിരിക്കണം. ജ്ഞാനിക്കും യോഗിക്കും വെവ്വേറെ തരംതിരിവുകളല്ല ഉണ്ടാകുന്നത്. സംശയം നീങ്ങി സ്ഥിതപ്രജ്ഞനായ ആള്‍ക്ക് എല്ലാ കര്‍മങ്ങളും യജ്ഞസങ്കല്പത്തോടെയേ ചെയ്യാന്‍ കഴിയൂ. സാംഖ്യവും യോഗവും ഒന്നുതന്നെ എന്ന് അടുത്ത അധ്യായത്തില്‍ പറയാന്‍പോകുന്നു. ഏത് വിദ്യയും തിയറി അറിയാതെയും അറിഞ്ഞും, രണ്ടുതരത്തിലും, ചെയ്യാമല്ലോ. ചെയ്തു പഠിക്കാത്ത തിയറി നിഷ്പ്രയോജനം. തിയറി അറിയാത്ത പരിശീലനം, അത് എത്ര മികച്ചതായാലും അപൂര്‍ണം.
ഈ രണ്ടിന്റെയും പാരസ്പര്യം ഗീത അടിവരയിട്ടുറപ്പിക്കുന്നു. ഗീതയുടെ വഴിയില്‍ പോയാല്‍ കിട്ടാനുള്ളത് പരലോകസുഖമോ വിശേഷസിദ്ധികളോ അല്ല, നിത്യശാന്തവും പരമാനന്ദകരവും ലയപൂര്‍ത്തിയുള്ളതുമായ ജീവിതംതന്നെയാണ്. പ്രപഞ്ചജീവനുമായി താദാത്മ്യം പ്രാപിക്കുന്ന ആള്‍ ഈശ്വരന്‍തന്നെയായിത്തീരുന്നു.
(തുടരും)





