
ഗീതാദര്‍ശനം - 139
Posted on: 06 Feb 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം
തത്പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്ധ്വാ പരാം ശാന്തിം
അചിരേണാധിഗച്ഛതി
ഗുരുവാക്യത്തിലും ശാസ്ത്രത്തിലും വിശ്വാസമുള്ളവനും ആ ജ്ഞാനംതന്നെയാണ് സര്‍വശ്രേഷ്ഠമെന്ന് കരുതുന്നവനും ഇന്ദ്രിയനിയന്ത്രണം സാധിച്ചവനുമായ പരിശ്രമിക്ക് ജ്ഞാനം ലഭിക്കുന്നു. ജ്ഞാനം ലഭിച്ചിട്ട് പരമമായ ശാന്തിയെ വേഗത്തില്‍ പ്രാപിക്കുന്നു.
പാഠവും ഗുരുവാക്യവും സത്യമാണെന്ന വിശ്വാസവും രണ്ടിന്റെയും കൃത്യമായ അര്‍ഥം ഗ്രഹിക്കാനുതകുന്ന മനോഭാവവുമാണ് ശ്രദ്ധയുടെ ലക്ഷണം. തത്പരത, ബുദ്ധിയും മനസ്സും മാത്രമല്ല മുഴുവന്‍ സ്വത്വവും സത്യാന്വേഷണത്തില്‍ കളങ്കമില്ലാതെ ആകൃഷ്ടമായ അവസ്ഥയാണ്. ഇപ്പറഞ്ഞ രണ്ടും, ആത്മനിയന്ത്രണമില്ലാത്തവനില്‍ സ്വയം നിലവില്‍വരുന്നവയോ, നൈമിഷികമായി വന്നുകിട്ടിയാലും നിലനില്ക്കുന്നവയോ അല്ല. ജ്ഞാനം കിട്ടിയാലോ, ഉത്തമമായ ഉപശാന്തിയെ (ഉപരതിയെ) വേഗത്തില്‍ പ്രാപിക്കയും ചെയ്യും.
വിശ്വാസം എന്നതിന്റെ സ്വഭാവം ശ്രദ്ധിക്കുക. തുറന്ന വാതിലിന്റെ പ്രകൃതമാണതിന് കല്പിക്കപ്പെടുന്നതെങ്കിലും അതിലൂടെ അകത്തുകടക്കുന്നതെല്ലാം ശരിയാണ് എന്ന മുന്‍വിധി ഇല്ല. മനനവും ശരിയായ അര്‍ഥഗ്രഹണവും കഴിഞ്ഞാണ് അംഗീകാരം. ഒരിക്കലും അന്ധമായല്ല. ഗീത മുഴുവന്‍ ഉപദേശിച്ചിട്ട്, ഇതെല്ലാം വിമര്‍ശനബുദ്ധ്യാ വിലയിരുത്തി യഥേഷ്ടം പ്രവര്‍ത്തിച്ചോളുക എന്നാണല്ലോ ഭരതവാക്യം. (അന്ധമായ വിശ്വാസവും ജീവശാസ്ത്രപരമായ ബന്ധുരക്ഷാത്വരയും ചേര്‍ന്നാല്‍ വര്‍ഗീയതയായി, കുടിപ്പകയായി, ചാവേര്‍ബോംബുവരെ ആയി).
(തുടരും)





