githadharsanam

ഗീതാദര്‍ശനം - 138

Posted on: 06 Feb 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസയോഗം


നഹി ജ്ഞാനേന സദൃശം
പവിത്രമിഹ വിദ്യതേ
തത്‌സ്വയം യോഗസംസിദ്ധഃ
കാലേനാത്മനിവിന്ദതി

ശുദ്ധീകരണശേഷിയില്‍ ജ്ഞാനത്തിനു തുല്യമായി ഈ പ്രപഞ്ചത്തില്‍ ഒന്നുമില്ലതന്നെ. യോഗസംസിദ്ധന്‍ അതിനെ (ഈ ജ്ഞാനത്തെ) തന്നില്‍ കാലംകൊണ്ട് താനേ പ്രാപിക്കുന്നു.

കര്‍മയോഗി കാലംകൊണ്ടേ പരമമായ അറിവിലെത്തിയുള്ളൂ എന്നുവരാം. വഴിയില്‍ ഏറെ ഇടര്‍ച്ചകള്‍ ഉണ്ടാകാം. ഇവ സ്വാഭാവികമാണെന്നും അങ്ങെത്തുമെന്നുമുള്ള ഉറപ്പാണ് നല്കപ്പെടുന്നത്.

ആത്മശുദ്ധീകരണത്തിന്, അറിവിനോളം ശേഷിയുള്ള മറ്റൊരു ഉപാധിയില്ല. അഥവാ, അറിവ് ബ്രഹ്മംതന്നെ (സത്യം ജ്ഞാനമനന്തം ബ്രഹ്മ-തൈത്തിരീയം. വിജ്ഞാനമാനന്ദം ബ്രഹ്മ-ബൃഹദാരണ്യകം. പ്രജ്ഞാനം ബ്രഹ്മ എന്ന് മഹാവാക്യവും)

യുദ്ധതന്ത്രങ്ങളെക്കുറിച്ചല്ല, മഹത്തായ അറിവിനെക്കുറിച്ചാണ് മഹാരണാങ്കണത്തില്‍ മുഖ്യമായ ചര്‍ച്ച. പരമമായ അറിവ് നേടാന്‍ തടസ്സമായി എന്തെല്ലാമുണ്ടെന്നും അവയെ ഏതേത് ആയുധംകൊണ്ട് വകവരുത്താമെന്നും പറയുന്നു. ജയിച്ചാല്‍ കിട്ടാനുള്ളതോ അറിവു മാത്രവും.

ശരീരമനോബുദ്ധികളെ ജ്ഞാനത്തിലേക്ക് നയിക്കുകയും ജ്ഞാനസ്വീകാരത്തിന് ഒരുക്കുകയും ചെയ്യാനുതകുന്നതും യജ്ഞരൂപത്തിലുള്ളതുമായ പല സാധനാക്രമങ്ങളെയും വിവരിച്ച് ഗുരൂപദേശത്തെപ്പറ്റിയും പറഞ്ഞു. ഇതു രണ്ടും കഴിഞ്ഞാല്‍ തന്നില്‍ പ്രയത്‌നനാനുസാരം സ്വസ്വരൂപജ്ഞാനം താനേ ഉളവാകും. ഈ പ്രയത്‌നനം എവ്വിധമായിരിക്കണമെന്നുകൂടി പറയുന്നു.

(തുടരും)



MathrubhumiMatrimonial