
ഗീതാദര്‍ശനം - 135
Posted on: 03 Feb 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
യത് ജ്ഞാത്വാ ന പുനര്‍മോഹം
ഏവം യാസ്യസി പാണ്ഡവ
യേന ഭൂതാന്യശേഷേണ
ദ്രക്ഷസ്യാത്മന്യഥോമയി
അല്ലയോ അര്‍ജുനാ, യാതൊന്നറിഞ്ഞാല്‍ നീ പിന്നീടൊരിക്കലും ഇത്തരത്തില്‍ ഭ്രമിച്ചുപോവുകയില്ലയോ, യാതൊന്നുകൊണ്ട് ഭൂതങ്ങളെ മുഴുവന്‍ ആത്മാവില്‍ നീ കാണുമോ, അതില്‍പ്പിന്നെ (അവയെ അപ്പാടെ) എന്നിലും നീ കാണുമോ, ആ ജ്ഞാനത്തെയാണ് നേടേണ്ടത്.
എല്ലാ വിഷയാനുഭൂതികളും സ്വന്തം വാസനയുടെ പ്രിയാപ്രിയങ്ങള്‍ക്ക് നിരക്കുന്ന രീതിയില്‍ സങ്കല്പംകൊണ്ട് മനസ്സുതന്നെ നിര്‍മിക്കുന്നതാണ് എന്ന സ്വസ്വരൂപജ്ഞാനം ഉണ്ടാകുമ്പോള്‍ ബുദ്ധി ഭ്രമിക്കാതാവും. അതോടെ, ദുര്‍വിചാരങ്ങള്‍ക്കെതിരെ അകത്തുള്ള പോരെന്നപോലെ, പുറംലോകത്തില്‍ അനീതിക്കെതിരെയുള്ള യുദ്ധവും യജ്ഞമായിത്തീരും.
'പിന്നില്‍' എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് പ്രപഞ്ചജീവന്‍ എന്ന അനുസ്യൂതിയെയാണ്. അവനവന്റെ ജീവനില്‍ സകലചരാചരജീവനെയും കാണുകയും ആ ആകെത്തുകയെ പ്രപഞ്ചജീവനില്‍ തുടര്‍ന്നു കാണുകയും ചെയ്യുമ്പോള്‍ ശിഷ്യനും ഗുരുവും ഒന്നായി, കാഴ്ചപൂര്‍ത്തിയായി; ജീവാത്മപരമാത്മൈക്യം സംഭവിച്ചു.
(തുടരും)





