githadharsanam

ഗീതാദര്‍ശനം - 133

Posted on: 31 Jan 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസയോഗം


ശ്രേയാന്‍ ദ്രവ്യമയാദ്യജ്ഞാത്
ജ്ഞാനായജ്ഞഃ പരന്തപ
സര്‍വം കര്‍മാഖിലം പാര്‍ഥ
ജ്ഞാനേ പരിസമാപ്യതേ

അല്ലയോ അര്‍ജുനാ, ദ്രവ്യമയമായ യജ്ഞത്തേക്കാള്‍ ജ്ഞാനയജ്ഞം ശ്രേഷ്ഠമാണ്. അല്ലയോ പാര്‍ഥാ, സര്‍വാശ്ലേഷിയായ ജ്ഞാനത്തിലാണ് എല്ലാ കര്‍മവും പര്യവസാനിക്കുന്നത്.
ദ്രവ്യസാധനങ്ങളെക്കൊണ്ടുള്ള യജ്ഞത്തേക്കാള്‍ ജ്ഞാനയജ്ഞം ശ്രേഷ്ഠമാകുന്നത് രണ്ടാമത്തേത് ഫലത്തെ ഉണ്ടാക്കാത്തതിനാലാണ് എന്നുമാത്രം പറഞ്ഞാല്‍ പോരാ, ആദ്യത്തേത് ഭോഷ്‌കും ധൂര്‍ത്തുമായതിനാലാണ് എന്നുകൂടി പറയാം.
ഉണ്ടായിക്കിട്ടിയ അറിവില്‍ അറിവില്ലായ്മകളെ ഹോമിക്കുന്നതാണ് ജ്ഞാനയജ്ഞം. ഒരു ചെറിയ തീപ്പൊരി ഉണ്ടായിക്കിട്ടിയാല്‍ അതില്‍നിന്ന് തുടങ്ങാം. ഹോമദ്രവ്യത്തിന് ക്ഷാമമില്ലെങ്കില്‍ അത്രയും വേഗം തീ ആളും.
എല്ലാ കര്‍മങ്ങളും ജ്ഞാനത്തിലാണ് ചെന്നവസാനിക്കുന്നത്. എന്നുവെച്ചാല്‍ എല്ലാകര്‍മങ്ങളുടെയും ലക്ഷ്യം ആത്യന്തികമായ ജ്ഞാനമായിരിക്കണം. അറിവ് കര്‍മചോദനയും കര്‍മം ജ്ഞാനാന്വേഷണവും ആകണം.
'അലകളുമാഴിയുമെന്നുവേണ്ടയെല്ലാവുലകുമുയര്‍ന്നറിവായി മാറിടുന്നു' എന്ന് ആത്മോപദേശശതകത്തില്‍ (50) ഗുരുസ്വാമികള്‍ വിവരിക്കുന്ന ജ്ഞാനംതന്നെ ഈ സമാപനം.
അറിവിന്റെ ആദ്യത്തെ ഒരു തീപ്പൊരിയെങ്കിലും വേണ്ടേ യജ്ഞം തുടങ്ങാന്‍? അത് എവിടന്ന് കിട്ടുമെന്നാണെങ്കില്‍-

(തുടരും)



MathrubhumiMatrimonial