githadharsanam

ഗീതാദര്‍ശനം - 131

Posted on: 30 Jan 2009


യജ്ഞശിഷ്ടാമൃതഭുജോ
യാന്തി ബ്രഹ്മസനാതനം
നായം ലോകോശസ്ത്യയജ്ഞസ്യ
കുതോശന്യഃ കുരുസത്തമ

കുരുശ്രേഷ്ഠനായ ഹേ അര്‍ജുനാ, യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവന്‍ സനാതനമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. ജീവിതത്തെ യജ്ഞമാക്കാന്‍ കഴിയാത്തവന് ഈ ലോകം ഇല്ല. പിന്നെ, പരലോകം എവിടെ?
'യജ്ഞശേഷ'മാണ് ഭക്ഷിക്കേണ്ടത് എന്ന പ്രസ്താവത്തില്‍ മനോഹരമായ നര്‍മമുണ്ട്. വിഭവങ്ങള്‍ അഗ്‌നനിയില്‍ എരിയിക്കുന്ന മന്ത്രമുഖരിതങ്ങളായ മഹായജ്ഞങ്ങളാകണം അന്ന് നിലവിലിരുന്നത്. അവയുടെ ഭാഗമായി പാത്രത്തില്‍ ശേഷിക്കുന്ന ഹോമദ്രവ്യമാണ് യജ്ഞശിഷ്ടം എന്ന് അറിയപ്പെട്ടത്. അമൃതതുല്യമായ അത് കഴിച്ചാല്‍ മോക്ഷമായി എന്ന മിഥ്യാധാരണയാണ് നര്‍മവിഷയം.
ആത്മശുദ്ധിക്കും ആത്യന്തികമായ അറിവിനും വേണ്ടി പ്രയത്‌നനിച്ചതിന്റെ ശിഷ്ടം എന്ന അമൃതം ഭുജിക്കുന്നവനാണ് സനാതനമായ സത്യത്തെ പ്രാപിക്കുന്നതെന്ന് തിരുത്തുന്നു. ഇവിടെ ഇപ്പോള്‍ വിസ്തരിച്ചുപറഞ്ഞ തരം യജ്ഞത്തെ അറിഞ്ഞവര്‍ എല്ലാ ജീവിതാനുഭവങ്ങളിലും രുചിക്കുന്ന നാശരഹിതമായ ആത്മാനന്ദംതന്നെ യജ്ഞശിഷ്ടമായ അമൃതം; അല്ലാതെ പാത്രത്തില്‍ ശേഷിക്കുന്ന ഹോമദ്രവ്യമല്ല.
ശ്ലോകത്തിന്റെ രണ്ടാം പാദത്തില്‍ ഈ നര്‍മം കുറച്ചുകൂടി നീളുന്നു. പരലോകസുഖത്തിനാണ് സാമ്പ്രദായികമഹായജ്ഞങ്ങള്‍ നടത്തപ്പെടുന്നത്. എന്നാല്‍, (ആ സര്‍ക്കസ്സൊക്കെ ഉപേക്ഷിച്ച്) ഇവിടെപ്പറഞ്ഞ യജ്ഞമാര്‍ഗം സ്വീകരിക്കാത്തവന് (ശാന്തിയെന്തെന്നറിയാതെ ജന്മമൊടുങ്ങുന്ന വിഷയാസക്തന്) ഈ ലോകംതന്നെ ഇല്ല, പിന്നെയല്ലേ പരം!
അപ്പോള്‍, പരലോകം എന്നൊന്ന് ഉണ്ടെന്നാണോ ഗീത പറയുന്നത്? അല്ല. മുമ്പുണ്ടായിരുന്ന അവസ്ഥ ഇഹമായിരുന്നപ്പോള്‍ ഇപ്പോഴുള്ള അവസ്ഥ പരമായിരുന്നു. വര്‍ത്തമാനത്തെ പിന്തുടരുന്ന ഭാവി എന്നേ ഈ 'പര'ത്തിന് അര്‍ഥമുള്ളൂ. ആകട്ടെ, പുതുതായി അവതരിപ്പിച്ച യജ്ഞസങ്കല്പം സാധുവാണെന്നതിന് എന്താണ് തെളിവ്? വെറുതെ പറയുന്നതല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? നോക്കാം -
(തുടരും)



MathrubhumiMatrimonial