githadharsanam

ഗീതാദര്‍ശനം - 130

Posted on: 29 Jan 2009


അപരേ നിയതാഹാരാഃ
പ്രാണാന്‍ പ്രാണേഷു ജുഹ്വതി
സര്‍വേfപ്യേതേ യജ്ഞവിദോ
യജ്ഞക്ഷപിതകല്മഷാഃ
മറ്റു ചിലര്‍ ആഹാരത്തെ നിയന്ത്രിച്ചിട്ട് പ്രാണങ്ങളെ പ്രാണങ്ങളില്‍ ഹോമിക്കുന്നു. ഇപ്പറഞ്ഞ എല്ലാവരും യജ്ഞത്തെ അറിഞ്ഞവരും യജ്ഞംകൊണ്ട് അശുദ്ധികളെ നശിപ്പിച്ചവരും ആകുന്നു.
ശ്വാസവും ആഹാരവുമാണ് പ്രാണനെ നിലനിര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. അതില്‍ ശ്വാസത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നതാണ് യജ്ഞം എന്നുപറഞ്ഞു. ആഹാരനിയന്ത്രണത്തെക്കുറിച്ച് ഇവിടെ പറയുന്നു. അധികമോ അനാശാസ്യമോ ആയ ആഹാരം പ്രാണനെ സഹായിക്കയല്ല പീഡിപ്പിക്കുകയാണ് ചെയ്യുക. പ്രാണന്റെ വിശുദ്ധിയും ഊര്‍ജസ്വലതയും ഭക്ഷണത്തിന്റെ അളവും തരവും അനുസരിച്ചായിരിക്കും. എല്ലാ മതങ്ങളും ഭക്ഷണക്കാര്യത്തില്‍ വ്രതാനുഷ്ഠാനം നിര്‍ദേശിക്കുന്നു. മനസ്സും പ്രാണനും വെവ്വേറെയല്ല. പ്രാണനില്‍ നിന്നു പുറപ്പെടുന്ന ചോദനകളെ പ്രാണനില്‍ത്തന്നെ അര്‍പ്പിച്ച് ജീവിതത്തിന് ജ്ഞാനമെന്ന ലക്ഷ്യം നിശ്ചയിക്കുമ്പോള്‍ പ്രാണങ്ങളെ പ്രാണങ്ങളില്‍ യജിക്കുന്നു എന്നുപറയാം. ഭോഗവിഷയങ്ങളില്‍ പ്രധാനമായ ഒന്നിനെ തൊട്ടുകാണിക്കാന്‍ ആഹാരത്തെക്കുറിച്ച് പറഞ്ഞു. മറ്റ് വിഷയാനുഭൂതികളെ നിയന്ത്രിക്കുന്നതും ഇതേതരം യജ്ഞം തന്നെ.
പന്ത്രണ്ട് യജ്ഞങ്ങളെപ്പറ്റി പറഞ്ഞു. അതിന്റെയും അതുപോലുള്ള എല്ലാറ്റിന്റെയും തത്ത്വം അറിയുന്നവരെ 'യജ്ഞത്തെ അറിഞ്ഞവര്‍' എന്നു വിശേഷിപ്പിക്കുന്നു.
ആത്യന്തികമായ അറിവിനെ അനുഭവമാക്കാന്‍ നോക്കുന്നതിനു പകരം വിഷയാനുഭവങ്ങളാണ് കാര്യം എന്നു കരുതുന്നതിനെയും അങ്ങനെയുള്ള പ്രവൃത്തിയെയുമാണ് കല്മഷം, പാപം എന്നൊക്കെ വിളിക്കുന്നത്.
ഈ യജ്ഞഭാവന മഹാതപസ്വികളായ ചുരുക്കം പേര്‍ക്കു മാത്രമുള്ളതല്ല. സാധാരണക്കാരായവര്‍ക്കും സ്വീകരിക്കാം എന്നാണ് ഗീതയുടെ താത്പര്യം. സ്ഥാനമാനങ്ങളോ ജാതിയോ ലിംഗമോ പ്രായമോ ആള്‍വലിപ്പമോ ഒന്നും നിബന്ധനയായി പറയുന്നില്ല. ഉപദേശിയോ പുരോഹിതനോ ഒന്നും ആവശ്യവുമില്ല.

(തുടരും)



MathrubhumiMatrimonial