githadharsanam

ഗീതാദര്‍ശനം - 127

Posted on: 25 Jan 2009


സര്‍വാണീന്ദ്രിയകര്‍മാണി
പ്രാണകര്‍മാണി ചാപരേ
ആത്മസംയമയോഗാഗ്‌നനൗ
ജുഹ്വതിജ്ഞാനദീപിതേ

മറ്റുചില യോഗികള്‍ എല്ലാ ഇന്ദ്രിയവൃത്തികളെയും പ്രാണപ്രവര്‍ത്തനങ്ങളെയും ജ്ഞാനം കൊണ്ട് ജ്വലിക്കുന്ന ആത്മനിയന്ത്രണത്തിന്റെ തീയില്‍ ഹോമിക്കുന്നു.
ഇന്ദ്രിയങ്ങളുടെ നിസ്സാരത മനസ്സിലായാല്‍പ്പിന്നെ പ്രാണഗതിയാണ് നേരെയാകേണ്ടത്. അതിന് ബുദ്ധിയുടെ തെളിമയില്‍ (ശരിയായ അറിവുകൊണ്ട് പ്രകാശിക്കുന്ന ബുദ്ധിയില്‍) പ്രാണനെയും ഹോമിക്കണം.
പ്രാണാപാനഗതി മാനസികനിലയെ നേരിട്ടു ബാധിക്കുന്നതാണ്. അതിനാല്‍ മനസ്സിനെ ശാന്തമാക്കണമെങ്കില്‍ ശ്വാസഗതി നേരെ നിര്‍ത്താന്‍ പറ്റണം. പ്രാണം എന്നാല്‍ ശ്വസിക്കുന്ന വായുമാത്രമല്ല. ജീവന്റെ സ്ഫുരണങ്ങളുടെ ആകത്തുകയെയാണ് ഉദ്ദേശിക്കുന്നത്. ശ്വാസനിയന്ത്രണത്തിലൂടെ പ്രാണനെ അധീനത്തില്‍ നിര്‍ത്താമെന്നുമാത്രം.
ഹഠയോഗത്തില്‍ ജ്ഞാനേന്ദ്രിയങ്ങളെയും കര്‍മേന്ദ്രിയങ്ങളെയും അടക്കുന്നത് ബലാത്കാരേണയാണ്. അഭിനിവേശങ്ങള്‍ സ്വയം ഒഴിഞ്ഞുപോകുകയോ ഇല്ലാതാകയോ അല്ല അവയെ അടിച്ചിറക്കുകയോ തല്ലിക്കൊല്ലുകയോ ആണ് നടക്കുന്നത്. പക്ഷേ, ഇവിടെ പരാമര്‍ശിക്കുന്ന യോഗമാകട്ടെ, സ്വാഭാവികമായ ഒരു വളര്‍ച്ചയോ പരിണതിയോ വികാസമോ ആണ്; അകവും പുറവും തിങ്ങിനില്‍ക്കുന്ന ഒരു തപശ്ചര്യയാണ്.
അറിവാണ് ആത്മനിയന്ത്രണത്തിന്റെ താക്കോല്‍. നേര്‍വഴിയറിയാതെ ഒരു വണ്ടിയും ഓടിക്കാനാവില്ലല്ലോ.
(തുടരും)



MathrubhumiMatrimonial