githadharsanam

ഗീതാദര്‍ശനം - 126

Posted on: 24 Jan 2009


ശ്രോത്രാദീനിന്ദ്രിയാണ്യന്യേ
സംയമാഗ്‌നനിഷു ജുഹ്വതി
ശബ്ദാദീന്‍ വിഷയാനന്യ
ഇന്ദ്രിയാഗ്‌നനിഷു ജുഹ്വതി
മറ്റു ചിലര്‍ ചെവി മുതലായ ഇന്ദ്രിയങ്ങളെ സംയമനമെന്ന അഗ്‌നനിയില്‍ ഹോമിക്കുന്നു. ഇനിയും ചിലരാകട്ടെ, ശബ്ദം മുതലായ ഇന്ദ്രിയവിഷയങ്ങളെ ഇന്ദ്രിയങ്ങളെന്ന അഗ്‌നനികളില്‍ ഹോമിക്കുന്നു.
ബാഹ്യലോകവുമായി ഇടപഴകുന്നത് മുഖ്യമായും ഇന്ദ്രിയങ്ങളാകയാല്‍ അവയുടെ കാര്യം ആദ്യം പറയുന്നു. അവയുടെ മുകളില്‍ നില്ക്കാന്‍ രണ്ട് വഴികളുണ്ട്. ഒന്നുകില്‍, ഇന്ദ്രിയചോദനകളെ മനസ്സിലേക്ക് തള്ളിക്കയറാന്‍ വിടാതെ മനസ്സിന്റെ അടക്കം എന്ന അഗ്‌നനിയില്‍ ഹോമിച്ച് മേല്‍ക്കോയ്മ സ്ഥാപിക്കാം (അഗ്‌നനി അതിനിരയാകുന്ന എല്ലാറ്റിനെയും ശുദ്ധീകരിക്കുന്നു എന്ന സങ്കല്പം ഓര്‍ക്കുക. നശിപ്പിക്കുകയോ തള്ളിക്കളയുകയോ അല്ല, സംസ്‌കരിക്കുകയാണ് ഈ യജ്ഞത്തിലൂടെ). അല്ലെങ്കില്‍, ഇന്ദ്രിയാനുഭവങ്ങളെ ഇന്ദ്രിയങ്ങളെന്ന അഗ്‌നനിയില്‍ത്തന്നെ ഹോമിക്കാം അഥവാ, സംസ്‌കരിക്കാം. ഗന്ധം, കേള്‍വി എന്നു തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെ ഈ ഹോമത്തിന് എങ്ങനെ വിധേയമാക്കാം? ശരീരമുള്ള കാലംവരെ ഒഴിവാക്കാനാവാത്തവയാണല്ലോ അവ. പക്ഷേ, എത്ര നല്ല രുചിയായാലും സംഗീതമായാലും അനുഭവാധിക്യത്താല്‍ 'ചെടിപ്പ്' അഥവാ മടുപ്പ് ഉളവാകുമല്ലോ. ഈ മടുപ്പിനെക്കുറിച്ചറിഞ്ഞാല്‍ ഇന്ദ്രിയതാത്പര്യങ്ങളുടെ അല്പത്തം ബോധ്യപ്പെട്ട് അവയുടെ നിയന്ത്രണം കൈയാളാം. പൂര്‍ത്തീകരണത്തിന് അവസരം നല്കാതെ വെറുതെ നീട്ടിവെച്ചാലും ഇന്ദ്രിയാഭിനിവേശങ്ങള്‍ മിക്കതും താനേ ശമിക്കുന്നു എന്നതും നിത്യാനുഭവമാണല്ലോ. ഇന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങളില്‍ അമിതതാത്പര്യം ഉളവാകാതിരിക്കലിനെയും വിഷയങ്ങള്‍ നല്കുന്ന സംവേദനം ഇന്ദ്രിയങ്ങളെ പ്രകോപിപ്പിച്ച് അവയെ അടിമപ്പെടുത്താതിരിക്കലിനെയുമാണ് ഇവിടെ ഹോമവൃത്തികൊണ്ട് നേടാന്‍ ഉദ്ദേശിക്കുന്നത്. ഇന്ദ്രിയങ്ങളുടെ 'കമ്പ'ങ്ങള്‍ക്ക് ശമനമുണ്ടാകാന്‍ ഓരോരുത്തര്‍ക്കും അവനവന്റെ മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അവയെല്ലാം ഈ രണ്ടുവഴികളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെടുന്നു. ഈ സംസ്‌കരണത്തിലൂടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയാഭിനിവേശം ഇല്ലാതാക്കുന്നു.
ഇപ്പറയുന്ന യജ്ഞങ്ങളൊന്നും ഒരു താത്കാലിക യജ്ഞശാലയില്‍ ഒരിടയ്ക്കു തുടങ്ങി തെല്ലു കഴിഞ്ഞാല്‍ സമാപിക്കുന്നവയല്ല, ആജീവനാന്തയജ്ഞങ്ങളാണ്. സുഖസുന്ദരമായ ഇത്തരം ജീവിതയജ്ഞം നടത്താനാണ് ഗീത നമ്മെ ക്ഷണിക്കുന്നത്. ഇതാകട്ടെ, യാതൊരു ആലഭാരവുമില്ലാതെയും പരസഹായം കൂടാതെയും ബഹളമുണ്ടാക്കാതെയും ഓരോരുത്തര്‍ക്കും സ്വയം ചെയ്യാവുന്നതേയുള്ളൂതാനും.

(തുടരും)



MathrubhumiMatrimonial