
ഗീതാദര്‍ശനം - 122
Posted on: 20 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
യദൃച്ഛാ ലാഭസന്തുഷ്‌ടോ
ദ്വന്ദ്വാതീതോ വിമത്സരഃ
സമഃ സിദ്ധാവസിദ്ധൗ ച
കൃത്വാപി ന നിബദ്ധ്യതേ
യദൃച്ഛയാ ലഭിക്കുന്നതുകൊണ്ടു സന്തോഷപ്പെടുന്നവനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ ജയിച്ചവനും ആരോടും മത്സരമില്ലാത്തവനും കിട്ടിയതും കിട്ടാത്തതും തുല്യമായി കാണുന്നവനും ആരോ, അവന്‍ തന്റെ ചെയ്തികളാല്‍ ബന്ധിക്കപ്പെടുന്നില്ല.
ഇതൊക്കെ സന്ന്യാസിമാര്‍ക്കായി പറയപ്പെടുന്നതാണ് എന്ന ധാരണ പണ്ടേ ഉണ്ടായിട്ടുണ്ട്. അത് ശരിയല്ല. 'വിദ്യാഭ്യാസം' നേടിയ ആര്‍ക്കും പിന്തുടരാവുന്ന വഴിയാണിത്. ലാഭം, ഷെയര്‍ മാര്‍ക്കറ്റ്, മാര്‍ജിന്‍, മൂലധനം, വ്യാപാരതന്ത്രം എന്നൊക്കെ സദാസമയവും ഉരുവിട്ട് കഴുത്തറുപ്പന്‍മത്സരത്തില്‍ മുഴുകുന്നവര്‍ക്ക് സന്തോഷവും സമാധാനവും എപ്പോഴെങ്കിലുമുണ്ടോ? സന്തോഷം, സുഖം, പുരോഗതി, വളര്‍ച്ച, നേട്ടം മുതലായ എല്ലാത്തിന്റെയും അര്‍ഥം തല തിരിഞ്ഞുപോയിട്ടില്ലേ? അവനവന്റെ കഴിവും വാസനയും അനുസരിച്ച് എല്ലാവര്‍ക്കുമായി എല്ലാവരും പ്രയത്‌നനിക്കയും എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറുകയും ചെയ്യുന്ന ഒരു ലോകസമൂഹക്രമത്തെപ്പറ്റി ഒരു നിമിഷം ആലോചിക്കുക. കുറേ പേരെങ്കിലും അതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ മഹാലോകയുദ്ധങ്ങള്‍ വേണ്ടിവരില്ല.
(തുടരും)





