
ഗീതാദര്‍ശനം - 120
Posted on: 18 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍ സംന്യാസയോഗം
ത്യക്ത്വാ കര്‍മഫലാസംഗം
നിത്യതൃപേ്താ നിരാശ്രയഃ
കര്‍മണ്യഭിപ്രവൃത്തോ/പി
നൈവകിം ചിത്കരോതി സഃ
കര്‍മഫലത്തില്‍ ആശയില്ലാതെയും നിത്യതൃപ്തനായും (തന്റെ തൃപ്തിക്ക്) മറ്റൊന്നിനെ ആശ്രയിക്കാതെയും ഇരിക്കുന്നവന്‍ കര്‍മങ്ങളില്‍ വ്യാപരിച്ചാലും (സൂക്ഷ്മമായ അര്‍ഥത്തില്‍) ഒന്നും തന്നെ ചെയ്യുന്നില്ല.
കര്‍മം ചെയ്യാതിരിക്കാന്‍ ആര്‍ക്കുമൊന്നിനും സാധ്യമല്ല എന്ന് നേരത്തേ കണ്ടതാണ്. ചെയ്യുന്ന ഏത് കര്‍മവും നന്നായി ചെയ്യുകയാണ് വേണ്ടത്. കര്‍മത്തിലുള്ള കൗശലമാണല്ലോ യോഗം. എല്ലാം ഒന്നാന്തരമായി ചെയ്യുകയും ഒന്നിനോടും ഒട്ടാതെയും ഒരു തരിമ്പും സ്വാര്‍ഥത ഇല്ലാതെയും ഇരിക്കയുമാണ് കര്‍ത്തവ്യം.
സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് വേണമെന്നാണ് സാരാംശം. ജീവിതത്തെ ഒരു കളിയായി കാണുക. കളിക്കുമ്പോള്‍ കൗശലത്തോടെ കളിക്കണം. ജയിക്കണം. പക്ഷേ, ജയിച്ചാലും തോറ്റാലും ഒരുപോലെ കാണണം. രണ്ടും ഉടനെ മറക്കണം. ജയിപ്പിച്ചവരോടോ തോല്പിച്ചവരോടോ രാഗദ്വേഷങ്ങള്‍ പാടില്ല. കള്ളക്കളി ഒരിക്കലും കളിക്കരുത്. എത്ര തോറ്റാലും പിന്‍മാറരുത്. എത്ര ജയിച്ചാലും കേമത്തം തോന്നുകയുമരുത്. ഇങ്ങനെയായാലേ ഏതൊരു കളിയും രസകരമാകൂ എന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!
(തുടരും)





