githadharsanam

ഗീതാദര്‍ശനം - 118

Posted on: 16 Jan 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസയോഗം


കര്‍മണ്യകര്‍മ യ പശേദ്
അകര്‍മണി ച കര്‍മ യഃ
സ ബുദ്ധിമാന്‍ മനുഷ്യേഷു
സയുക്തഃ കൃസ്‌നകര്‍മകൃത്

യാതൊരുവന്‍ കര്‍മത്തില്‍ അകര്‍മവും അകര്‍മത്തില്‍ കര്‍മവും കാണുന്നുവോ അവന്‍ മനുഷ്യരില്‍ ജ്ഞാനിയാണ്. അവന്‍ യോഗിയും എല്ലാ കര്‍മങ്ങളും ചെയ്യുന്നവനും ആകുന്നു.
ഇതൊരു പരസ്​പരവിരുദ്ധമായ പ്രസ്താവമായി ഒറ്റനോട്ടത്തില്‍ തോന്നാം. ഉള്ളതില്‍ ഇല്ലായ്മയും ഇല്ലായ്മയില്‍ ഉണ്‍മയും എങ്ങനെ കാണും! എന്നാലോ, അങ്ങനെ കാണാമെന്ന് മാത്രമല്ല, അങ്ങനെ കണ്ടാലേ കര്‍മങ്ങളുടെ കുരുക്കില്‍ അകപ്പെടാതെ കഴിയൂ. 'ഇതിനു ഞാന്‍ കര്‍ത്താ'വെന്ന തോന്നല്‍ ഉപേക്ഷിക്കുകയേ വേണ്ടൂ.
പ്രാപഞ്ചികതലത്തില്‍ത്തന്നെ ഇത് മനസ്സിലാക്കാന്‍ അനേകം ദൃഷ്ടാന്തങ്ങളുണ്ട്. എന്റെ തീരുമാനങ്ങളില്‍ വാസ്തവത്തില്‍ ഞാന്‍ തന്നെ തീരുമാനിച്ചതായി എത്രയെണ്ണമുണ്ട്? എന്റെ ചുറ്റുപാടുകളോ സാഹചര്യങ്ങളോ ഞാന്‍ ജനിച്ച സ്ഥലംപോലുമോ ഞാന്‍ തീരുമാനിച്ചതല്ലല്ലോ. പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും തരണം ചെയ്യാന്‍ എനിക്കു കിട്ടുന്ന ആശയങ്ങള്‍ എന്റെയാണോ? എവിടന്നാണ് എനിക്കിവ കൈവരുന്നത്? എന്റെ ബുദ്ധിശക്തിയും കഴിവുകളും വാസ്തവത്തില്‍ ഞാന്‍ ഉണ്ടാക്കിയതാണോ?
'അഹങ്കാരം കൊണ്ട് മൂഢരായവരേ കര്‍ത്താവ് ഞാനെന്ന് വിചാരിക്കൂ' എന്നോര്‍ക്കുക. ചെയ്യുന്നത് ഞാനല്ല, എന്നിലെ ഈശ്വരസാന്നിധ്യമാണെങ്കില്‍ ഞാന്‍ എന്തു ചെയ്താലും ഒന്നും ചെയ്യുന്നില്ല; ഒന്നും ചെയ്തില്ലെങ്കിലും എല്ലാം ചെയ്യുന്നുമുണ്ട്. അതായത്, പ്രാപഞ്ചികനായ എന്നെ എന്നിലെ പരമപുരുഷനില്‍ പൂര്‍ണമായി സമര്‍പ്പിച്ചാല്‍ മതി. അപ്പോള്‍ ചെയ്തികളെല്ലാം ആ ശക്തിയുടേതാണ്. ഞാന്‍ വെറും ഉപകരണമാണ്. ഞാന്‍ വേറെയാണ്, ഞാനാണ് വിധിക്കുന്നതും നിശ്ചയിക്കുന്നതും എന്ന നിലപാട് ഉപേക്ഷിക്കുക. അതാണ് ആത്മസാക്ഷാത്കാരത്തിന്റെ തുടക്കം.
ഈ നിലപാട് എന്തും ചെയ്യാനുള്ള ലൈസന്‍സാവില്ലേ? ഉപകരണമായ ഞാന്‍ എന്നിലെ കര്‍മചോദനകളുടെ സ്വഭാവം തിരിച്ചറിയേണ്ടതില്ലേ? നിയന്ത്രിക്കേണ്ടതില്ലേ?

(തുടരും)



MathrubhumiMatrimonial