githadharsanam

ഗീതാദര്‍ശനം - 117

Posted on: 15 Jan 2009


കര്‍മണോ ഹ്യപി ബോധവ്യം
ബോധവ്യം ച വികര്‍മണഃ
അകര്‍മണശ്ച ബോധവ്യം
ഗഹനാ കര്‍മണോ ഗതിഃ
കര്‍മത്തെ (ചെയ്യാനുള്ളതിനെ, അതിന്റെ തത്ത്വത്തെ) അറിയേണ്ടതുണ്ട്. വികര്‍മത്തെ (ചെയ്യരുതാത്തതിനെയും അതിന്റെ തത്ത്വത്തെയും) അറിയേണ്ടതുണ്ട്. അകര്‍മത്തെയും (കര്‍മം ചെയ്യാതിരിക്കുക എന്നതിനെയും അതിന്റെ തത്ത്വത്തെയും) അറിയേണ്ടതുതന്നെയാണ്. (എന്തുകൊണ്ടെന്നാല്‍) കര്‍മങ്ങളുടെ നിജസ്ഥിതി അറിയാന്‍ വളരെ പ്രയാസമാണ്.
മനുഷ്യരുടെ കര്‍മങ്ങളെ മൂന്നായി തിരിക്കാം. നിത്യകര്‍മങ്ങളും കൃഷി മുതലായ ഉപജീവനാസ്​പദങ്ങളായ (നിയത) കര്‍മങ്ങളും സന്ദര്‍ഭോചിതമായി ചെയ്യേണ്ടിവരുന്ന നൈമിത്തികകര്‍മങ്ങളും എല്ലാം സാമാന്യേന പ്രകൃതിനിയമാനുസാരവും ശരീരപാലനത്തിനും ലോകസേവനത്തിനുമുള്ളതുമാകയാല്‍ അവ വിഹിതകര്‍മങ്ങള്‍. തനിക്കും മറ്റുള്ളവര്‍ക്കും അഹിതകരവും പ്രകൃതിവിരുദ്ധവും ശ്രേയസ്‌കരമല്ലാത്തതുമായ കര്‍മം വികര്‍മം. ഒന്നും ചെയ്യാതിരിക്കലാണ് അകര്‍മം. അതും കര്‍മത്തെപ്പോലെത്തന്നെ പ്രതിചലനം ഉണ്ടാക്കുന്നു.
ഈ മൂന്നിനെക്കുറിച്ചും ശരിയായ അറിവ് അനുപേക്ഷണീയമാണ്. കാര്യം പിഴയ്ക്കരുതല്ലോ. പക്ഷേ, ആ അറിവ് ഉണ്ടാക്കിയെടുക്കാന്‍ അല്പം പ്രയാസമാണ്. എന്നുവെച്ചാല്‍ നന്നായി മനസ്സുവെക്കണം എന്നുമാത്രമാണ് ഉദ്ദേശിക്കുന്നത്. അതിര്‍വരമ്പുകള്‍ സൂക്ഷ്മങ്ങളായതിനാല്‍ നന്നേ ശ്രദ്ധിക്കണമെന്നു മാത്രം.
ഏതെങ്കിലും ഒരു കര്‍മം ചെയ്യലാണോ ചെയ്യാതിരിക്കലാണോ അഭികാമ്യം എന്ന തിരിച്ചറിവില്‍ എത്താനുള്ള പോംവഴി ഇനി പറയുന്നു. കര്‍ത്തൃത്വാഹങ്കാരം ഇല്ലാതായിക്കിട്ടിയാല്‍ കര്‍മത്തിന്റെ ഗഹനതയ്ക്ക് പരിഹാരമായി. അപ്പോള്‍ സന്ദര്‍ഭോചിതമായും ധൈര്യമായും പ്രവര്‍ത്തിക്കാന്‍ സാധിക്കും.
(തുടരും)



MathrubhumiMatrimonial