
ഗീതാദര്‍ശനം - 111
Posted on: 09 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
യേ യഥാ മാം പ്രപദ്യന്തേ
താംസ്തഥൈവ ഭജാമ്യഹം
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ഥ സര്‍വശഃ
അര്‍ജുന, ആര്‍ എപ്രകാരം എന്നെ സമീപിക്കുന്നുവോ അവരെ അപ്രകാരംതന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എല്ലാവരും അവരവരുടെ അഭീഷ്ടമനുസരിച്ച് ചെയ്യുന്ന ഉപാസനാരൂപമായ സകല പരിശ്രമങ്ങളും എന്നിലെത്തിച്ചേരാനുള്ള വഴികള്‍ തന്നെയാണ്.
സത്യത്തെ തുടക്കത്തില്‍ എങ്ങനെ സമീപിച്ചാലും കുഴപ്പമില്ല. ഈശ്വരന്‍ ഇല്ല എന്നു കരുതുന്ന ആളും തന്റെ ഉള്ളില്‍ ആ നിലപാടിന് ആസ്പദമായ ഒരു ദര്‍ശനം രൂപപ്പെടുത്തിയിട്ടുണ്ടല്ലോ. നിലവിലുള്ള ഈശ്വരസങ്കല്പങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട ഒന്നിനെ അന്വേഷിക്കുകയാണ് അയാള്‍. ഏതുതരം വിശ്വാസത്തിനും അതിനനുസരിച്ച പരിണതി ഉണ്ടാകുന്നു. പ്രാപഞ്ചികനായ തന്നേക്കാള്‍ നിത്യവും സത്യവുമായ ഒന്നുണ്ട് എന്ന തിരിച്ചറിവില്‍ എത്തുന്നതോടെ എല്ലാവരും അറിഞ്ഞോ അറിയാതെയോ ഈശ്വരാരാധന തുടങ്ങുന്നു. കണ്ടും കേട്ടും പകര്‍ന്നും കിട്ടിയും ശീലിച്ച രീതികളിലും മുറകളിലും ഇതുതുടരുന്നു. ചിലര്‍പുനരാലോചന നടത്തി പുതുവഴി തേടുന്നു. എവ്വിധമായാലും ഈശ്വരന്റെ വഴിയിലാണ് എല്ലാവരും ചരിക്കുന്നത്. വിദ്വേഷഭക്തിവരെ ഈശ്വരാരാധനയാകുന്നത് ഇങ്ങനെയാണ്. ഒരുമതവും വിശ്വാസവും തെറ്റോ നിഷ്ഫലമോ അല്ല. എല്ലാ പുഴകളും കടലിലേക്ക് ഒഴുകുന്നവ തന്നെ. എല്ലാവരും സഹയാത്രികര്‍. ആര്‍ക്കും ആരോടും അന്യത്വമോ ശത്രുത്വമോ വേണ്ട.
ഓരോരുത്തനും സ്വീകരിച്ച വഴിയും മുറയും ഏതെന്നു നോക്കി ആരോടെങ്കിലും ഇഷ്ടമോ അനിഷ്ടമോ അടിസ്ഥാനചൈതന്യത്തിന് ഇല്ല. അവനവന്റെ കൈയിലെ പാത്രത്തിന്റെ വലുപ്പമനുസരിച്ച് ആ മഹാസമുദ്രത്തില്‍ നിന്ന് ആര്‍ക്കും എത്രയും മുക്കി എടുക്കാം. പക്ഷഭേദമോ മുന്‍ഗണനയോ ഇല്ല. അപൂര്‍വവും വിശാലവുമാണ് ഈ ദര്‍ശനം.
ഏതെങ്കിലും ഒരുതരം വിശ്വാസത്തിലേക്കോ ഉപാസനയിലേക്കോ നയിക്കുകയല്ല എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാന സ്വഭാവം നിഷ്പക്ഷമായി വിശകലനം ചെയ്ത് പ്രകൃതിയുടെ പരമരഹസ്യം അവതരിപ്പിക്കുകയാണ് ഗീത ചെയ്യുന്നത്.
(തുടരും)





