githadharsanam

ഗീതാദര്‍ശനം - 112

Posted on: 10 Jan 2009


ജ്ഞാനകര്‍മ സംന്യാസയോഗം


''കാങ്ക്ഷന്ത കര്‍മണാം സിദ്ധിം
ഭജന്തേ ഇഹ ദേവതാഃ
ക്ഷിപ്രം ഹി മാനുഷേ ലോകേ
സിദ്ധിര്‍ഭവതി കര്‍മജാ
ഇവിടെ കര്‍മങ്ങളുടെ ഫലസിദ്ധിയെ കൊതിക്കുന്നവര്‍ ദേവന്മാരെ യജിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ കര്‍മത്തില്‍ നിന്നുള്ള ഫലസിദ്ധി വേഗത്തില്‍ ഉണ്ടാകുന്നു.
ഒരു താത്പര്യത്തിന്റെ പൂര്‍ണമായ വ്യാപ്തിയില്‍ അടങ്ങിയിരിക്കുന്ന ബോധമണ്ഡലത്തെയാണ് ഇവിടെ 'ലോകം' എന്ന വാക്കുകൊണ്ട് മനസ്സിലാക്കേണ്ടതെന്ന് നിത്യചൈതന്യയതി വ്യാഖ്യാനിക്കുന്നു. ലോകങ്ങളെ ദൈവികമെന്നും മാനുഷമെന്നും ആസുരമെന്നും തരം തിരിക്കാവുന്നതാണ്. ഇംഗ്ലീഷില്‍ ഇതിനെ യൂണിവേഴ്‌സ് ഓഫ് ഇന്ററസ്റ്റ് എന്ന് പറഞ്ഞുപോരുന്നു. 'ആത്മോപദേശശതക'ത്തില്‍ ഗുരുസ്വാമികള്‍ എടുത്തു പറയുന്ന 'അനേകജഗ'ത്തും ഈ അര്‍ഥത്തിലുള്ള ലോകമാണ്.
ദൈവികലോകത്തില്‍ കര്‍മഫലേച്ഛയില്ല. തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല സൂര്യന്‍ ചൂടും വെളിച്ചവും തരുന്നതും സദ്ഗുരു വിദ്യ നല്‍കുന്നതും. മാനുഷലോകത്തില്‍ കര്‍മത്തിന് ന്യായമായ ഫലം കിട്ടണമെന്ന നിലപാടാണുള്ളത്. ആസുരലോകത്തോ അല്പകര്‍മത്തിനോ ഒന്നും ചെയ്യാതെയോ വലിയ ഫലം ഇച്ഛിക്കപ്പെടുന്നു. കളവും പിടിച്ചുപറിയും ഉദാഹരണം.
ജന്മവാസനയനുസരിച്ച് മനുഷ്യര്‍ ഈ ലോകങ്ങളില്‍ ഏതിലുമാകാം. കാര്യകാരണങ്ങള്‍ വേണ്ടുവോളം കണക്കിലെടുത്താണ് കര്‍മം എന്നതിനാല്‍ മനുഷ്യലോകത്തില്‍ ഫലസിദ്ധി ഉടനുടനുണ്ടാകുന്നു. അതിനാവശ്യമായ ഉപാസനയാണ് ചിലര്‍ ചെയ്യുന്നത്. അഗ്‌നനിയെയും വൈദ്യുതിയെയും രാസപ്രക്രിയകളെയും ഉപാസിക്കുന്നവരുണ്ടല്ലോ. പലപ്പോഴും മറ്റെല്ലാം മറന്നാണ് ഈ ഉപാസനകളില്‍ മുഴുകുന്നത്. അപരാവിദ്യകളില്‍ ആത്മാര്‍പ്പണം നടത്തുന്നവര്‍ ഈ ഇനത്തില്‍പ്പെടുന്നു.
മോഷ്ടിക്കാന്‍ പോകുമ്പോള്‍ ഗണപതിക്ക് തേങ്ങയുടച്ച് പുറപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസംവരെ, ആസുരലോകത്തേക്കും ഈ ആത്മാര്‍പ്പണം നീളുന്നു. ദുരാഗ്രഹപൂര്‍ത്തിക്ക് സങ്കല്പശക്തികളെ കൂട്ടുപിടിക്കുന്നവരുമുണ്ട്. 'ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതൊക്കെ അവനെന്നു തോന്നു'മല്ലോ!
എന്തിന് ഇങ്ങനെയൊക്കെ, ഈശ്വരന് എല്ലാവരെയും നേര്‍വഴിക്ക് നയിക്കാന്‍ പാടില്ലേ എന്ന ചോദ്യം ഇപ്പോള്‍ വരുന്നു. നേര്‍വഴിക്കുതന്നെയാണ് നയിക്കുന്നതെന്നാണ് ഉത്തരം. പക്ഷേ, ഇരുളില്ലാതെ വെളിച്ചമില്ലാത്തപോലെ തിന്മയില്ലാതെ നന്മയുമില്ല. വൈരുധ്യങ്ങളുടെ സ്ഥിരമായ ഡയലക്റ്റിക്‌സാണ് പ്രപഞ്ചത്തിന്റെ അടിത്തറ എന്നുനേരത്തേ കണ്ടു. തെറ്റി അടിവെച്ചാലേ ചിലര്‍ക്ക് ശരിയിലേക്ക് ചുവടു പോകൂ! ഏതവസ്ഥയില്‍ നിന്നും ശരിയിലേക്ക് വരാന്‍ എപ്പോഴും സാധ്യതകള്‍ തുറന്നുകിടക്കുന്നു. അവയുടെ സൂത്രധാരന്‍കൂടി ആയാണ് പരമപുരുഷനെ അറിയേണ്ടത് എന്ന് ഇനി വിശദമാക്കുന്നു.

(തുടരും)



MathrubhumiMatrimonial