
ഗീതാദര്‍ശനം - 109
Posted on: 07 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
ജന്മ കര്‍മ ച മേ ദിവ്യം
ഏവം യോ വേത്തി തത്ത്വത
ത്യക്ത്വാ ദേഹം പുനര്‍ജന്മ
നൈതി മാമേതി സോശര്‍ജുന
അര്‍ജുനാ, എന്റെ ദിവ്യങ്ങളായ ജന്മകര്‍മങ്ങളെക്കുറിച്ച് ഇപ്രകാരം തത്ത്വാധിഷ്ഠിതമായി ആര്‍ അറിയുന്നുവോ, അവന്‍ ശരീരം ഉപേക്ഷിച്ചുകഴിഞ്ഞാല്‍ വീണ്ടും ജനിക്കില്ല; എന്നെ പ്രാപിക്കുന്നു.
അറിവിന്റെ തികവുമായുള്ള താദാത്മ്യമാണ് വേദാന്തവിഷയകമായ പരമമോചനം. ഈശ്വരന്റെ ജന്മകര്‍മങ്ങളെക്കുറിച്ച് ശരിയായി അറിയുമ്പോള്‍ അറിവ് പൂര്‍ത്തിയാകുന്നു. അതോടെ പൂര്‍ണസ്വാതന്ത്ര്യമായി. അവ്യക്തമാധ്യമത്തില്‍ നിന്ന് മോചനമില്ലാതെയുള്ള പരിണാമം മാത്രമാണ് പുനര്‍ജന്മം. രൂപനിര്‍മാണക്ഷേത്രത്തില്‍ നിന്ന് ആത്മാംശം പൂര്‍ണമായ അറിവിലേക്ക് കരകയറുന്നില്ല. മായാബന്ധിതമായ അവസ്ഥയില്‍ പരിമിതമായ സ്വാതന്ത്ര്യം മാത്രമേ ലഭ്യമാകൂ. അല്പസാധ്യതകളുടെ തടറവയായ വാഴ്‌വാണത്.
ഒരിടത്തും വരയ്ക്കാത്ത ത്രികോണത്തിന്റെ പരമസ്വാതന്ത്ര്യവും എവിടെയെങ്കിലും വരയ്ക്കപ്പെട്ട ത്രികോണത്തിന്റെ പാരതന്ത്ര്യവും തമ്മിലുള്ള അന്തരമാണ് ഗുരു നിത്യചൈതന്യയതി ഇവ രണ്ടും തമ്മില്‍ വരച്ചുകാണിക്കാന്‍ ഉപയോഗിക്കുന്നത്.
പ്രജ്ഞാനം എന്ന പൂര്‍ണതയാണ്, സ്വര്‍ഗമുള്‍പ്പെടെയുള്ള മോര്‍ഫോ ജെനറ്റിക് ഇടനിലകളല്ല, വേദാന്തത്തിന്റെ ലക്ഷ്യം.





