
ഗീതാദര്‍ശനം - 106
Posted on: 03 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
അജോfപി സന്നവ്യയാത്മാ
ഭൂതാനാമീശ്വരോf പി സന്‍
പ്രകൃതിം സ്വാമധിഷ്ഠായ
സംഭവാമ്യാത്മമായയാ
ഞാന്‍ ജനിക്കാത്തവനും നശിക്കാത്തവനും സകല ചരാചരങ്ങളുടെയും ഈശ്വരനുമാണെന്നിരുന്നാലും എന്റെ പ്രകൃതിയായ മായയെ അടിസ്ഥാനമാക്കി സംഭവിക്കുന്നു.
പ്രപഞ്ചത്തിന്റെ അടിസ്ഥാന നിയമമായ അറിവ് സ്വയം വെളിപ്പെടുന്നു എന്ന് താത്ത്വികതലത്തിലും ഈശ്വരന്‍ മനുഷ്യനായി ജന്മമെടുക്കുന്നു എന്ന് പ്രാപഞ്ചികതലത്തിലും അര്‍ഥം കിട്ടുന്നു.
ഭൗതികമായ അറിവിന്റെ കാര്യത്തില്‍പ്പോലും മനുഷ്യന്‍ കൈവരിച്ച പുരോഗതിയെ മനുഷ്യപ്രയത്‌നനത്തിന്റെ മാത്രം ഫലമായോ അറിവുകള്‍ സ്വയം വെളിപ്പെട്ടതിനാല്‍ ഉണ്ടായതായോ എവ്വിധവും കാണാം. കണ്ടുപിടിത്തങ്ങളില്‍ മിക്കതും കാര്യകാരണചിന്തയിലൂടെ ചെന്നെത്താന്‍ കഴിയാത്തവയാണ്. അടിസ്ഥാനപരമായ ഒരു വീക്ഷണവ്യതിയാനം (Paradigm Shift), ഒരുവലിയ കിടങ്ങിനപ്പുറത്തേക്ക് ഒരു എടുത്തുചാട്ടം (Quantum Jump)എന്നൊക്കെ പറയാവുന്ന വെളിപാടുകളാണവ. ഉദാഹരണത്തിന്, മിച്ചെല്‍സണ്‍-മോര്‍ലെ പരീക്ഷണത്തിലൂടെ പ്രകാശവേഗം എല്ലാ ദിശകളിലും സ്ഥിരമാണെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് സയന്‍സിന്റെ ലോകം കാല്‍ നൂറ്റാണ്ടുകാലം തപ്പിത്തടഞ്ഞിട്ടും തീര്‍ക്കാനാവാതെ ബാക്കിയായ സമസ്യയാണ് പേറ്റന്റ് ഓഫീസിലെ ഒരു സാധാരണ ഗുമസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ചെറുപ്പക്കാരന്‍ ഒരു സുപ്രഭാതത്തില്‍ ചെറു ലേഖനം കൊണ്ട് പരിഹരിച്ചത്. ലോകത്തിലെ മഹത്തായ കലാസൃഷ്ടികളുടെ നിര്‍മിതിയെയും ഇതേപോലെ 'മാനത്തൂന്നെങ്ങാനു'മുള്ള 'പൊട്ടിവീഴ'ലായി കാണാം.
അറിവിന് എപ്പോഴെല്ലാമാണ് പിറവി എന്നു പറയുന്നതു ശ്രദ്ധിക്കുക-
(തുടരും)





