
ഗീതാദര്‍ശനം - 105
Posted on: 02 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
ശ്രീഭഗവാനുവാച:
ബഹൂനി മേ വ്യതീതാനി
ജന്മാനി തവ ചാര്‍ജുന
താന്യഹം വേദ സര്‍വാണി
ന ത്വം വേത്ഥ പരന്തപ
ശ്രീഭഗവാന്‍ പറഞ്ഞു: അര്‍ജുന, എന്റെയും നിന്റെയും അനേകം ജന്മങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവയെ എല്ലാം ഞാന്‍ അറിയുന്നു, അല്ലയോ പരന്തപ, നീ അറിയുന്നില്ല.
എല്ലാ ജീവികളുടെയും കഴിഞ്ഞുപോയ ജന്മങ്ങളിലും ഇപ്പോഴുള്ള ജന്മങ്ങളിലും എല്ലാം ആത്മാവ് ഞാന്‍തന്നെയാണ്. അതുകൊണ്ട് ആ ജന്മങ്ങളെയെല്ലാം ഞാന്‍ അടിമുടി അറിയുന്നു. എന്നാല്‍ ഇന്ദ്രിയമനോബുദ്ധികളെ ബാധിച്ച അറിവില്ലായ്മയാല്‍ (അവിദ്യയാല്‍) ഞാന്‍ വേറെ എന്നു വിചാരിക്കുന്ന നീ അറിയുന്നില്ല.
ഞാന്‍ വീണ്ടും ജനിക്കുന്നു എന്നു പറയുമ്പോള്‍, ധര്‍മം ക്ഷയിക്കുന്നേരം ഒരു തിരുത്തലിനു വേണ്ടി, അറിവു പൂര്‍ണമായ ഒരു മനുഷ്യജന്മം സംഭവിക്കുന്നു എന്ന അര്‍ഥം കൂടി എടുക്കാം.
ഞാന്‍ പരിപൂര്‍ണമായ അറിവുതന്നെ ആയതിനാല്‍ മുമ്പ് എവിടെയെവിടെ എപ്പോഴെല്ലാം ആ നിലയില്‍ ഞാന്‍ സ്വയം വെളിപ്പെട്ടിട്ടുണ്ടെന്ന കാര്യവും മുഴുവനായി എനിക്കറിയാം.
ഇങ്ങനെ പറയുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം വരാം: ജ്ഞാനസ്വരൂപനും നിത്യനും പരിപൂര്‍ണനുമായ ഈശ്വരന് ജനനമരണങ്ങളോ!
അടുത്ത ശ്ലോകത്തില്‍ ഇതിനു മറുപടി പറയുന്നു.
(തുടരും)





