githadharsanam

ഗീതാദര്‍ശനം - 101

Posted on: 29 Dec 2008

സി. രാധാകൃഷ്ണന്‍



മനുഷ്യനില്‍ ബുദ്ധിക്കപ്പുറം സ്ഥിതി ചെയ്യുന്ന പരമാധാരമായ ആത്മാവിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മൂന്നാമധ്യായം സമാപിക്കുന്നത്. നാശമുള്ള പ്രപഞ്ചത്തിനും അതിന്റെ അമ്മയായ നാശരഹിതമായ മാധ്യമത്തിനും അതീതവും കാരണവുമായ നിത്യമായ ശക്തിയാണ് അതെന്നു മുന്‍പേ പറഞ്ഞു. ഇനി ആ ശക്തിയുടെ സ്വഭാവത്തെക്കുറിച്ച് പറയുന്നു. അത് എങ്ങനെ പ്രകടമാകുന്നു, അതിനെ എങ്ങനെ അറിയാം എന്ന് വിസ്തരിക്കുകയും ചെയ്യുന്നു.

(ഇങ്ങനെയുള്ള ഒരു ഏകീകൃതബലത്തിന്റെ നിര്‍ധാരണത്തിനായി മോഡേണ്‍ സയന്‍സ് ദശകങ്ങളായി ശ്രമിച്ചുവരികയാണ്. ആ ഏകീകരണം സാധിക്കുന്നതോടെ ഫിസിക്‌സിന്റെ ചുമതല അവസാനിക്കുമെന്ന് സ്വാമി വിവേകാനന്ദന്‍ തന്റെ വിഖ്യാതമായ ചിക്കാഗോ പ്രഭാഷണത്തില്‍ പറയുകയുണ്ടായി.)

ആ ശക്തിയിലേക്കുള്ള വേദാന്തവഴി സരളമാണ്. അതിങ്ങനെയാണ്: സര്‍വവ്യാപിയായ അതില്‍ ന്യായമായും ഞാനുമുണ്ട്. എന്നില്‍ നാശരഹിതമായത് അതുമാത്രമാകയാല്‍ വാസ്തവത്തില്‍ അതാകുന്നു ഞാന്‍. എന്നുവെച്ചാല്‍, ഞാന്‍ ബ്രഹ്മമാകുന്നു. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍, ജീവനാകുന്നു ആ ഞാന്‍. വാസ്തവത്തില്‍, അതിനെക്കുറിച്ച് സ്വയം വെളിപ്പെട്ടു കിട്ടിയ ഈ അറിവുതന്നെയാണ് അത്.
ജ്ഞാനസ്വരൂപനാണ് ഈശ്വരന്‍. അതായത് പരമമായ ജ്ഞാനം നിത്യവും നിരാമയവുമാണ്. നമുക്ക് അതുമായുള്ള വേഴ്ചയാണ് ഏറിയും കുറഞ്ഞും വരുന്നത്. നമുക്ക് കിട്ടുന്ന എല്ലാഅറിവുകളും പ്രപഞ്ചത്തില്‍ നേരത്തേ ഉള്ളതാണ്. ഉദാഹരണത്തിന്, പൈത്തഗോറസ് തിയറമോ ഗുരുത്വാകര്‍ഷണനിയമമോ ഒക്കെ അവയെക്കുറിച്ച് നാം അറിയുന്നതിനു മുന്‍പേതന്നെ ഉള്ളതാണ്. നമ്മുടെ അറിവ് തികയാത്തതുകൊണ്ട് ഇനിയും മറഞ്ഞുകിടക്കുന്ന കാര്യങ്ങള്‍ നമുക്ക് പിടികിട്ടിയിട്ടില്ല. ഈശ്വരസാരൂപ്യം എന്നത് എല്ലാ അറിവിന്റെയും തികവാണ്.
ഈ തികവാണ്, കേവലം ഒരുവ്യക്തിയല്ല, ഗീതയുടെ വക്താവ് എന്ന കാര്യംകൂടി ഈ അധ്യായത്തില്‍ വെളിവാകുന്നു. വക്താവിന്റെ ഈ സവിശേഷതയ്ക്ക് പ്രാപഞ്ചികതലത്തിലും താത്ത്വിക തലത്തിലും ഒരേസമയം നിലനില്പുള്ള രീതിയിലുമാണ് ആഖ്യാനം. ആദ്യത്തേതില്‍, ഒരു കന്നാലിച്ചെക്കനായ യാദവകൃഷ്ണന്‍ ഈശ്വരനായി ഭവിക്കുന്നു. രണ്ടാമത്തേതിലോ അര്‍ജുനന്റെ ഉള്ളില്‍ത്തന്നെ ഉള്ള ഈശം വെളിപാടുകള്‍ നല്കുന്നു.

(തുടരും)



MathrubhumiMatrimonial