
ഗീതാദര്‍ശനം - 100
Posted on: 28 Dec 2008
കര്‍മയോഗം
എന്തുതന്നെ ആയാലും കാര്യം നടത്താന്‍ വേറെ വഴി ഇല്ല.
ഇനി ഈ സര്‍ജിക്കല്‍ മാന്വലിന്റെ ഭരതവാക്യം -
ഏവം ബുദ്ധേ പരം ബുദ്ധ്വാ
സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ
കാമരൂപം ദുരാസദം
ഇങ്ങനെ ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമെന്നറിഞ്ഞ് ആത്മാവിനെക്കൊണ്ട് ആത്മാവിനെ അടക്കിനിര്‍ത്തി മായാരൂപിയും ദുഷ്പ്രാപ്യനുമായ ശത്രുവിനെ നശിപ്പിച്ചാലും.
ഇന്ദ്രിയമനോബുദ്ധികളെ ആത്മജ്ഞാനം കൊണ്ട് നിയന്ത്രിക്കുക. കണ്ടെത്താനും പിടികൂടാനും പ്രയാസമുള്ളവയാണ് അനാശാസ്യ വികാരങ്ങളാകുന്ന ശത്രുക്കള്‍. അവയെ ജയിക്കുന്നതിന് കൂടുതല്‍ ശ്രേഷ്ഠമായതിനെ ആശ്രയിക്കയേ നിര്‍വാഹമുള്ളൂ.
ആനന്ദമാണ് ആത്മാവിന്റെ സഹജസ്വരൂപം. ആത്മഭാവം പ്രകാശിച്ചുകിട്ടിയാല്‍ പിന്നെ ആത്മാവില്‍നിന്ന് അന്യമായി ഒരു പ്രിയവിഷയം ഉണ്ടാകാനിടയില്ല. അങ്ങനെ ആത്മജ്ഞാനംതന്നെ വിഷയനിവൃത്തിക്ക് വഴിയൊരുക്കുന്നു.
അറുകൊലയ്ക്ക് പ്രേരണ നല്‍കുന്ന സംഹിതയാണ് ഗീത എന്ന പരാതി ഒരര്‍ഥത്തില്‍ ശരിയാണ്. ഇന്നയിന്ന ശത്രുക്കളെ തിരഞ്ഞുപിടിച്ച് കൊല്ല് എന്ന് ഈ അധ്യായത്തില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷേ, ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്ന ശത്രുക്കള്‍ സ്വന്തം മനസ്സിലെ ആര്‍ത്തിയുടെയും ക്രോധത്തിന്റെയും വിഷങ്ങളാണ്, രക്തവും മാംസവുമുള്ള പടയാളികളല്ല. ഏതു തരം ജയത്തിനായാണ് മഹാഭാരതയുദ്ധം വ്യാസര്‍ ചിത്രീകരിച്ചതെന്നും ഗീതയുടെ ലക്ഷ്യമെന്തെന്നും ഈ ഒരു ഭാഗംകൊണ്ടുതന്നെ സംശയരഹിതമായി വെളിവാകുന്നു.
ഇതി കര്‍മയോഗോ നാമ തൃദീയോശദ്ധ്യായഃ
കര്‍മയോഗമെന്ന മൂന്നാമധ്യായം അവസാനിച്ചു.





