githadharsanam

ഗീതാദര്‍ശനം - 99

Posted on: 27 Dec 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം


വിറളിപിടിച്ച ഈ കുതിരകളെ എങ്ങനെ പിടിച്ചുകെട്ടാമെന്ന പരിഭ്രമം വേണ്ട. വഴിയുണ്ട് -

ഇന്ദ്രിയാണി പരാണ്യാഹുഃ
ഇന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാ ബുദ്ധിഃ
യോ ബുദ്ധേഃ പരതസ്തു സഃ

ഇന്ദ്രിയങ്ങള്‍ ശ്രേഷ്ഠങ്ങളെന്ന് പറയപ്പെടുന്നു. മനസ്സ് ഇന്ദ്രിയങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്. ബുദ്ധിയാകട്ടെ മനസ്സിനേക്കാള്‍ ശ്രേഷ്ഠമാണ്. എന്നാല്‍, യാതൊന്നാണോ ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായത് അത് ആത്മാവാകുന്നു.
പുലിയുടെ വാലില്‍ പിടികൂടി നട്ടം തിരിയാതിരിക്കാനാണ് ഈ ക്രമം വിശദമാക്കിയത്. മഹത്ത്വത്തിന്റെ ശ്രേണി മനസ്സിലായാല്‍ പിന്നെ വെറുതെ താഴെത്തട്ടില്‍ ചെന്ന് വൃഥാഭജനം ഇരിക്കേണ്ട! താഴെക്കിടക്കാര്‍ മോശക്കാരാണെന്നല്ല. കല്പന വരുന്നത് മുകളില്‍നിന്നാണ്, അത് അനുസരിക്കയേ കീഴ്ജീവനക്കാര്‍ക്ക് നിവൃത്തിയുള്ളൂ. ഒരു തീരുമാനവും ഇടനിലക്കാരില്‍ ആരുടെയും സ്വന്തമല്ല. ബുദ്ധിയാണ് എല്ലാം നിശ്ചയിക്കുന്നത്. താന്‍ ആത്മാവിനാണോ മറുദിശയില്‍ മനസ്സിനാണോ വിധേയമാകേണ്ടത് എന്ന സുപ്രധാനമായ ഒരു തീരുമാനമേ ഇക്കാര്യത്തില്‍ ബുദ്ധി എടുക്കേണ്ടതുള്ളൂ. പിന്നെ മനസ്സ് ബുദ്ധിയുടെ കല്പനയും ഇന്ദ്രിയങ്ങള്‍ മനസ്സിന്റെ (ബൈ ഓര്‍ഡര്‍) കല്പനയും അനുസരിക്കും. പെട്ടെന്നു നടക്കില്ല. കാരണം, മറിച്ചൊരു കീഴ്‌വഴക്കം ഉണ്ടായിപ്പോയെങ്കില്‍ കുറെ അച്ചടക്ക നടപടികളും ബന്ധനങ്ങളും ഒക്കെ വേണ്ടിവന്നേക്കാം.
(തുടരും)



MathrubhumiMatrimonial