
ഗീതാദര്‍ശനം - 98
Posted on: 26 Dec 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
നടക്കുന്നതെന്തെന്ന് കൃത്യമായി മനസ്സിലായ സ്ഥിതിക്ക് ഇനി ശസ്ത്രക്രിയ തുടങ്ങാം
തസ്മാത്വമിദ്രിയാണ്യാദ്യൗ
നിയമ്യ ഭരതര്‍ഷഭ
പാപ്മാനം പ്രജഹി ഹ്യേനം
ജ്ഞാനവിജ്ഞാനനാശനം41
അല്ലയോ ഭരതവംശത്തിലെ ശ്രേഷ്ഠനായവനേ, അതിനാല്‍ നീ ആദ്യം ഇന്ദ്രിയങ്ങളെ അടക്കിയിട്ട് ജ്ഞാനത്തെയും വിജ്ഞാനത്തെയും നശിപ്പിക്കുന്ന പാപിയായ അതിനെ കൊല്ലണം.
എന്തിനെയും അതിന്റെ നിജസ്ഥിതിയില്‍ അറിയുന്നതാണ് ജ്ഞാനം. അതിന്‍പടി ജീവിതം പാകപ്പെടുത്തുന്നത് വിജ്ഞാനം. ആര്‍ത്തിയാലും ക്രോധംകൊണ്ടും ബുദ്ധി കെട്ടുപോയാല്‍ ജ്ഞാനത്തിനു പകരം അജ്ഞാനവും വിജ്ഞാനത്തിനു പകരം സ്വാര്‍ഥപ്രേരിതമായ ചെയ്തിയുമുണ്ടാകും. അങ്ങനെയാണ് ആര്‍ത്തി ക്രോധങ്ങള്‍ ജ്ഞാനവിജ്ഞാനനാശനമാകുന്നത്.
പക്ഷേ, ജീവികള്‍ പ്രകൃതിയിലെ ഗുണങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ദ്രിയനിഗ്രഹംകൊണ്ടു മാത്രം ഒന്നും നടപ്പില്ലെന്ന് നേരത്തെ പറഞ്ഞു. ശരിയാണ്, എങ്കിലും ഇന്ദ്രിയനിയന്ത്രണംകൊണ്ട് കാര്യമില്ലെന്നല്ല പറഞ്ഞത്. മൂക്കു മുറിച്ചതുകൊണ്ട് മുല്ലപ്പൂമണത്തിനുള്ള ആര്‍ത്തി പോവില്ല. നാക്കരിഞ്ഞതുകൊണ്ട് പാല്പായസക്കൊതിയും മാറില്ല. ഇന്ദ്രിയങ്ങളെ വഴിക്കുവരുത്താനാണ് പിരിച്ചുവിടാനല്ല ഇവിടെ ഉപദേശം.
(തുടരും)





