githadharsanam

ഗീതാദര്‍ശനം - 93

Posted on: 21 Dec 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം


ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ
പരധര്‍മാത് സ്വനുഷ്ഠിതാത്
സ്വധര്‍മേ നിധനം ശ്രേയ
പരധര്‍മോ ഭയാവഹഃ

നല്ലപോലെ ചെയ്ത പരധര്‍മത്തെ അപേക്ഷിച്ച്, മോശമായി ചെയ്ത സ്വധര്‍മം ശ്രേഷ്ഠമാണ്. സ്വധര്‍മാനുഷ്ഠാനത്തിനിടെ ജീവഹാനി വന്നാലും ശ്രേയസ്സാണ്. പരധര്‍മം ഭയജനകമാണ്.
അപൂര്‍വമാണ് ഓരോ സൃഷ്ടിയും. പ്രതിജനഭിന്നവിചിത്രമാണ് സര്‍ഗശേഷിയുടെ ഭാവുകത്വം. ഓരോരുത്തനും അവന്‍േറതായ ഒരു സ്ഥായീഭാവമുണ്ട്. അതിന്റെ പ്രകടനമാണ് സ്വധര്‍മം. അതിലാണ് ഏര്‍പ്പെടുന്നതെങ്കില്‍ അതൊരു സ്വാഭാവികപ്രക്രിയയാണ്. പൂ വിരിയുന്നപോലെ നൈസര്‍ഗികമാണ് അതില്‍ കൈവരുന്ന അര്‍പ്പണം. ഇന്ദ്രിയങ്ങളെ എന്നല്ല എന്തിനെയും അടക്കിനിര്‍ത്താന്‍അപ്പോള്‍ ഒരു പ്രയാസവുമുണ്ടാവില്ല. ഫലത്തെക്കുറിച്ച് ചിന്തയും ഉണ്ടാവില്ല. അതൊരു ലയമാണ്. അതിലിരിക്കെ ജീവഹാനി വന്നാലും സുഖമായേ തോന്നൂ. മറിച്ചൊന്നിലാണ് വ്യാപരിക്കുന്നതെങ്കില്‍ ഭയം വിട്ടുമാറില്ല. കാരണം, ആ വഴിയിലേക്ക് പ്രലോഭിപ്പിച്ച ആഗ്രഹത്തിന്റെ സന്തതികളായ ജയപരാജയങ്ങളും ലാഭനഷ്ടങ്ങളും എപ്പോഴും ഭീതിപ്പെടുത്തിക്കൊണ്ടിരിക്കും.
ഇത്രയും എത്തുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന സംശയം അര്‍ജുനന്‍ അവതരിപ്പി
ക്കുന്നു.
(തുടരും)



MathrubhumiMatrimonial