githadharsanam

ഗീതാദര്‍ശനം - 90

Posted on: 18 Dec 2008


യേ മേ മതമിദം നിത്യം
അനുതിഷ്ഠന്തി മാനവാംഃ
ശ്രദ്ധാവന്തോശനസൂയന്തോ
മുച്യന്തേ തേശപി കര്‍മഭിഃ
യേ ത്വേദഭ്യസൂയന്തോ
നാനുതിഷ്ഠന്തി മേ മതം
സര്‍വജ്ഞാനവി മൂഢാംസ്താന്‍
വിദ്ധി നഷ്ടാനചേതസഃ

ഏതേതു മനുഷ്യര്‍ ശ്രദ്ധയുള്ളവരായും അസൂയയില്ലാത്തവരായും എന്റെ ഈ മതത്തെ എന്നെന്നും അനുസരിക്കുന്നുവോ അവരും കര്‍മങ്ങളാല്‍ മോചിപ്പിക്കപ്പെടുന്നു.
എന്നാല്‍ ആരെല്ലാം ഈ മതത്തെ അസൂയയുള്ളവരായിട്ട് അനുഷ്ഠിക്കാതിരിക്കുന്നുവോ, യാതൊന്നും അറിയാത്തവരും അവിവേകികളും ആയ അവരെ നശിച്ചുപോയവരായി കരുതുക.
ശ്രദ്ധ, അസൂയ, മതം എന്നു മൂന്നാണ് ഇതിലെ ആണിവാക്കുകള്‍. ശ്രദ്ധ എന്നാല്‍ തത്ത്വജ്ഞാനത്തിലുള്ള ഏകാഗ്രമായ താത്പര്യം. അസൂയ ആശയങ്ങളുടെ കാര്യത്തിലുള്ള കിടമത്സരത്തിന്റെ വിത്ത്. അതായത്, ''നിങ്ങള്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ആശയം അവതരിപ്പിച്ച് ഏറെ ഞെളിയേണ്ട, അതിനേക്കാള്‍ മുന്തിയത് എന്റെ കൈവശമുണ്ട്'' എന്ന തരത്തിലുള്ള ഭാവം. മതം എന്നാല്‍ അഭിപ്രായം എന്നേ അര്‍ഥമുള്ളൂ. കാരണം, മതത്തിന്റെ ഭാഗമായി ഇവിടെ ഒരു പെരുമാറ്റച്ചട്ടവും അവതരിപ്പിക്കുന്നില്ല. അതുണ്ടെങ്കിലല്ലേ അതിനെ അംഗീകരിച്ചവരുടെ കൂട്ടായ്മ അംഗീകരിക്കാത്തവരുടെ വിരോധികളാവൂ? ഇവിടെ മതം എന്നു പറയുന്നത് രണ്ടും രണ്ടും നാല് എന്നപോലെ കാലദേശാതീതമായ ഒരു തത്ത്വത്തെയാണ്. അതിനെ സ്വീകരിക്കാത്തവരെ താന്‍ നശിപ്പിക്കുമെന്നു പറയുന്നുമില്ല. സ്വയംകൃതാനര്‍ഥങ്ങളുടെ പരമ്പര അവരെ നാശത്തിലേക്ക് നയിക്കുമെന്ന ദുഃഖസത്യം ചൂണ്ടിക്കാണിക്കുന്നു എന്നുമാത്രം. എങ്കില്‍ എല്ലാവര്‍ക്കും ഈ മതം ഒറ്റയടിക്ക് സ്വീകരിച്ചുകൂടേ? പ്രയാസമാണ്, കാരണം-

(തുടരും)






MathrubhumiMatrimonial