
ഗീതാദര്‍ശനം - 89
Posted on: 17 Dec 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
മയി സര്‍വാണി കര്‍മാണി
സന്യസ്യദ്ധ്യാത്മ ചേതസാ
നിരാശീ നിര്‍മമോ ഭൂത്വാ
യുദ്ധ്യസ്വ വിഗതജ്വരഃ
എല്ലാ കര്‍മങ്ങളും എന്നില്‍ സമര്‍പ്പിച്ച് ഫലാസക്തിയും മമതാ ബന്ധവും ഉപേക്ഷിച്ച് അദ്ധ്യാത്മബുദ്ധിയോടെ നീ വിഭ്രാന്തികളില്ലാതെ യുദ്ധം ചെയ്യുക.
ഒരേ പാഠത്തെ താത്ത്വികതലത്തിലും പ്രാപഞ്ചികതലത്തിലും ഗ്രഹിക്കാവുന്ന വിധമാണ് ആദ്യവസാനം കാവ്യനിര്‍മിതി. ജന്മസ്വഭാവംകൊണ്ട് യോദ്ധാവായ നീ നിന്റെ ചെയ്തികളുടെ എല്ലാ ഉത്തരവാദിത്വവും എന്നില്‍ ആരോപിച്ച് ജയപരാജയങ്ങളെക്കുറിച്ച് ബേജാറാകാതെ, രണ്ടും കല്പിച്ചും ഈശ്വരവിശ്വാസത്തോടെയും യുദ്ധം ചെയ്യുക എന്ന് ഒന്നാം തലം.
നിന്റെ ചെയ്തികളെല്ലാം പ്രപഞ്ചജീവന്റെ പ്രകടനമായി കണ്ട്, ബുദ്ധി ആ നിലപാടില്‍നിന്ന് പതറാതെ ഉറപ്പിച്ച് നിര്‍ത്തി, നേടാനോ നഷ്ടപ്പെടാനോ ഒന്നുമില്ലാത്തവനായി, കാമക്രോധമോഹങ്ങളോട് പൊരുതി ജയിച്ചോളുക എന്ന് മറ്റേ തലം.
(തുടരും)





