
ഗീതാദര്‍ശനം - 88
Posted on: 16 Dec 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
തത്ത്വവിത്തു മഹാബാഹോ
ഗുണകര്‍മ വിഭാഗയോഃ
ഗുണാ ഗുണേഷു വര്‍ത്തന്തേ
ഇതി മത്വാ ന സജ്ജതേ
മഹാബാഹുവായ അര്‍ജുന, ഗുണങ്ങളുടെയും കര്‍മങ്ങളുടെയും മിഥ്യയും യാഥാര്‍ഥ്യവും തിരിച്ചറിയുന്നവരാകട്ടെ, ഗുണങ്ങള്‍ ഗുണങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ് എന്നറികയാല്‍, (കര്‍ത്തൃത്വയോ ഭോക്ത്തൃത്വയോ കുറിച്ച്) ദുരഭിമാനം കൊള്ളുന്നില്ല.
അണുജീവി മുതല്‍ ആന വരെയും പരമാണു മുതല്‍ നക്ഷത്രകദംബം വരെയും നിരന്നു കാണുന്നതില്‍ ഓരോ വ്യക്തിത്വത്തിനും അതിന്റെ 'സ്വധര്‍മം' ഉണ്ട്. അത് തിരിച്ചറിഞ്ഞ് നന്നായി നിറവേറ്റുകയെന്ന ചുമതലയുണ്ട്. അത് നിറവേറുമ്പോള്‍ ആനന്ദമുണ്ട്. അപ്പോഴും പക്ഷേ, ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായ അദൈ്വതാവബോധം നേടാന്‍ കഴിഞ്ഞാല്‍ കര്‍ത്തൃത്വാഹങ്കാരം ഉണ്ടാവില്ല. കര്‍മസൗഖ്യവും ആ അദൈ്വതാവബോധലയത്തിന്റെ ഭാഗമായിരിക്കും.
അടുത്ത ശ്ലോകത്തില്‍ ഇതിന്റെ മറുപുറം വായിക്കാം.
പ്രകൃതേര്‍ ഗുണസംമൂഢാഃ
സജ്ജന്തേ ഗുണകര്‍മസു
താന്‍കൃസ്‌നവിദോ മന്ദാന്‍
കൃസ്‌നവിന്ന വിചാലയേത്
പ്രകൃതിയിലെ ഗുണങ്ങളുടെ നേരറിയാത്ത മൂഢന്മാര്‍, ഗുണാനുസൃതങ്ങള്‍ മാത്രമായ കര്‍മങ്ങളില്‍ അഭിമാനിക്കുന്നു. ആത്മാനാത്മബോധം കൈവന്നവര്‍ അത് ലഭിക്കാത്ത മന്ദബുദ്ധികളെ ചഞ്ചലചിത്തരാക്കരുത്.
ഞാന്‍ എന്ന ബോധം മനുഷ്യനേ ഉള്ളൂ, ഇതരജീവികള്‍ക്കില്ല. അത് വാസ്തവത്തില്‍ ഒരു പടിവാതിലാണ്. അതിലൂടെ നിത്യമായ ഞാനിലേക്കോ എതിര്‍വശത്തെ നശ്വരതയിലേക്കോ കടക്കാം. എതിര്‍വശം പോയവര്‍ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞുതന്നെ തിരികെ പുറപ്പെടണം. പറഞ്ഞ് പിന്തിരിപ്പിക്കാന്‍ നോക്കിയിട്ട് കാര്യമില്ല. ചാഞ്ചല്യത്തിലകപ്പെട്ടാല്‍ അങ്ങും ഇങ്ങുമില്ലാതെ ആയിപ്പോവും. വിഷാദയോഗം അവരെ അന്വേഷികളാക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് അറിവു നല്കിയിട്ട് പ്രയോജനമുള്ളൂ. (അദ്ധ്യാത്മവിദ്യയുടെ കോഴ്‌സിന് അഡ്മിഷന്‍ കിട്ടാനുള്ള മിനിമം ക്വാളിഫിക്കേഷന്‍ സ്വാനുഭവത്തില്‍ നിന്നുളവായ ജിജ്ഞാസയ്ക്കുള്ള തെളിവാണ്. ഓരോ ശിഷ്യനുമുള്ള തിയറിയും പ്രാക്ടിക്കല്‍സും പ്രത്യേകവുമാണ്.)
(തുടരും)





