പൂരം തുടങ്ങാന്‍ നെയ്തലക്കാവിലമ്മയും മേളം തുടങ്ങാന്‍ ശിവദാസും

Posted on: 30 Apr 2012


തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരം തിങ്കളാഴ്ചയാണ്. അതാകട്ടെ കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ അവകാശമാണ്. നെയ്തലക്കാ

വിലമ്മയ്‌ക്കൊപ്പം പാണ്ടിയുടെ അകമ്പടിയുമുണ്ട്. അതിന്റെ പ്രമാണി കലാമണ്ഡലം ശിവദാസാണ്.

കൊച്ചി രാജാവ് പൂരത്തലേന്ന് തെക്കേനട തുറന്നുവെയ്ക്കാന്‍ കുറ്റൂര്‍ ക്ഷേത്രത്തിന് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. അതിനു പിന്നില്‍ ഐതിഹ്യമുണ്ട്. കുറ്റൂരമ്മ തുറന്നുവെച്ച ഗോപുരത്തിലൂടെ കണിമംഗലം ശാസ്താവ് പൂരദിവസം പ്രവേശിക്കും. പൂരത്തിന്റെ കൗതുകകരമായ ചടങ്ങുകളിലൊന്നാണ് കുറ്റൂരമ്മയുടെ വരവ്. ഇപ്പോള്‍ മേളവും മറ്റുമായി അതിന് കൂടുതല്‍ പ്രാധാന്യം കൈവന്നുതുടങ്ങിയിട്ടുണ്ട്.

കലാമണ്ഡലം ശിവദാസ് നയിക്കുന്ന പാണ്ടിമേളമാണ് നെയ്തലക്കാവിലെ എഴുന്നള്ളത്തിന് അകമ്പടിയാവുക.

രാവിലെ 9 മണിക്ക് മണികണ്ഠനാല്‍ പരിസരത്തുനിന്നു തുടങ്ങുന്ന മേളം ശ്രീമൂലസ്ഥാനത്ത് അവസാനിച്ച് പാണ്ടിയുടെ നാലാം കാലമായ തൃപുടയുമായി വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്ത് തെക്കേഗോപുരവാതില്‍ക്കല്‍ എത്തി അവസാനിക്കും.

കേളി, കൊമ്പുപറ്റ്, കുറുംകുഴല്‍പറ്റ് എന്നീ അനുഷ്ഠാനചടങ്ങിനുശേഷം ഭഗവതി തെക്കേഗോപുരം പൂരത്തിനായി തുറന്നുകൊടുക്കുന്നു. ശേഷം സ്വരാജ് റൗണ്ട് പരിസരത്തെത്തി വാദ്യച്ചടങ്ങുകള്‍ നിര്‍വഹിക്കും. എണ്‍പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേളവും ശിവദാസിന്റെ തന്നെ. ഇതിനു പുറമെ പാറമേക്കാവ് വിഭാഗത്തിന്റെ തെക്കോട്ടിറക്കത്തിന്റെ മേളത്തിന്റെ സഹപ്രമാണിയുമാണ് ശിവദാസ്.

പിണ്ടിയത്ത് ചന്ദ്രന്‍ നായര്‍ (വീക്കന്‍ ചെണ്ട), കൊടകര ശിവരാമന്‍ നായര്‍ (കുറുംകുഴല്‍), തൃക്കൂര്‍ സജി (കൊമ്പ്), വട്ടെക്കാട്ട് കനകന്‍ (ഇലത്താളം) എന്നീ മറ്റു സഹപ്രമാണിമാരും കുറ്റൂര്‍ മേളത്തിന് എത്തും.




MathrubhumiMatrimonial