
ഗീതാദര്‍ശനം - 80
Posted on: 08 Dec 2008
കര്‍മയോഗം
കര്‍മ്മണൈവ ഹി സംസിദ്ധിം
ആസ്ഥിതാ ജനകാദയാഃ
ലോകസംഗ്രഹമേവാപി
സംപശ്യന്‍ കര്‍തുമര്‍ഹസി
ജനകമഹാരാജാവ് മുതലായവര്‍ കര്‍മങ്ങളിലൂടെത്തന്നെയാണ് ജീവിതസാക്ഷാത്കാരം നേടിയത്. അതിനാല്‍, ലോകനന്മയ്ക്കായിട്ടെങ്കിലും (കര്‍മം) ചെയ്യാന്‍ നീ ബാദ്ധ്യസ്ഥനാണ്.
അര്‍ഥകാമങ്ങള്‍ക്ക് മുന്‍തൂക്കമുള്ളതും കര്‍മപ്രധാനവുമായ സംസ്‌കാരമാണ് വൈദികം. ഇത് ആര്യന്‍മാരുടെതാണ്. മുന്‍പേതന്നെ ഇവിടെ ഉള്ള ജ്ഞാനപ്രധാനമായ സംസ്‌കാരത്തെ ഇതുമായി സമരസപ്പെടുത്തുകാണ് ഭഗവദ്ഗീത. അറിവാണ് പരമപ്രധാനം എന്നിരിക്കെത്തന്നെ, അറിവിനും കര്‍മത്തിനും ഒപ്പം സാഗത്യം കല്പിക്കുന്നതാണ് ശരി എന്ന് ഗീത സിദ്ധാന്തിക്കുന്നു. അര്‍ജുനന്‍ ചൂണ്ടിക്കാണിക്കുന്ന 'ഗുരുദ്രോഹദോഷം' ജ്ഞാനപക്ഷവീക്ഷണമാണ്. അതേസമയം, അര്‍ജുനന്‍ കര്‍മപക്ഷ പ്രതിനിധിയായാണ് നില്പ്. മറുവശത്ത്, ജ്ഞാനനിരപേക്ഷവും ഘോരവുമായ കര്‍മത്തിന്റെ പ്രതീകമായ ദുര്യോധനന് അറിവില്ലായ്മ എന്ന മഹാഭാഗ്യമുണ്ട്. തനിക്ക് ബലം പോരാതെ വന്നാലോ എന്ന വിഷാദമേ ഉള്ളൂ. അര്‍ജുനനും ദുര്യോധനനും പക്ഷേ, ഒരേ സംസ്‌കാരമിശ്രത്തിന്റെ സന്തതികളാണ്. ഗീതാവന്ദനശ്ലോകത്തില്‍ ഈ രണനദിയെ 'ഭീഷ്മദ്രോണതടാ' എന്നാണ് വിശേഷിപ്പിക്കുന്നത്. കാലപ്രവാഹത്തിലൂടെയുള്ള സംസ്‌കാരസമന്വയത്തിന് ഭീഷ്മരും ദ്രോണരുമാണ് തീരങ്ങള്‍. ഒരാളുടെ പൈതൃകം പരാശരപാരമ്പര്യം. മറ്റേയാളുടെത് വൈദികം. ഈ കരകള്‍ രണ്ടും കവിഞ്ഞൊഴുകിയിട്ടുവേണം പുതിയ സമന്വയം രൂപപ്പെടാന്‍.
(തുടരും)





