
ഗീതാദര്‍ശനം - 79
Posted on: 07 Dec 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
നൈവ തസ്യ കൃതേനാര്‍ഥോ
നാകൃതേ നേഹ കശ്ചന
ന ചാസ്യ സര്‍വഭൂതേഷു
കശ്ചിദര്‍ത്ഥവ്യപാശ്രയഃ
അത്തരമൊരാള്‍ക്ക് എന്തെങ്കിലുമൊന്നു ചെയ്തിട്ട് ഒന്നും നേടാനില്ല. എന്തെങ്കിലുമൊന്ന് ചെയ്യാഞ്ഞാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അയാള്‍ക്ക് പ്രപഞ്ചത്തിലുള്ള ഒന്നിനെയും ഒരു കാര്യത്തിനും ആശ്രയിക്കേണ്ടതായും ഇല്ല.
ഈശ്വരനെപ്പറ്റി ചിന്തിച്ചുകൊണ്ട് കുഴിമടിയനായി ഇരുന്നാല്‍ മതി എന്നല്ല. പുഴ ഒഴുകുന്നപോലെ ജീവിക്കുക എന്നാണ് നിര്‍ദേശം. ജീവന്റെ ചോദന അനുസരിച്ച് മുന്നോട്ടുപോവുക. അത്രയേ ആകെ വേണ്ടൂ. ഒഴുക്ക് ശരിയായാല്‍, വരാനുള്ളതൊക്കെ സ്വയമേവ വന്നുചേരും. പിരിയാനുള്ളതൊക്കെ പിരിഞ്ഞുപോവും. കടലെത്താന്‍ മറ്റൊന്നിനെയും ആശ്രയിക്കേണ്ടതില്ല. (നമ്മില്‍ രണ്ട് ഞാനുകളുണ്ടെന്ന് മുന്‍പെ പറഞ്ഞതില്‍ പ്രപഞ്ചജീവന്‍ എന്ന രണ്ടാമത്തെ ഞാനായി ജീവിക്കുക എന്നാണ് താത്പര്യം).
(പിന്നിട്ട പരിണാമദശകളുടെ ശേഷിപ്പുകളായ വികാരങ്ങളെയും ചോദനകളെയും ഈ വിധത്തില്‍ അതിജീവിച്ച് യഥാര്‍ഥ മനുഷ്യരാകാന്‍ നമുക്കു കഴിയും. തൊട്ടുമുന്‍പ്. മാതൃകാചര്യ നിര്‍വചിക്കുന്ന ശ്ലോകത്തിലെ 'മാനവ'ശബ്ദം ശ്രദ്ധിക്കുക)
തസ്മാദസക്ത സതതം
കാര്യം കര്‍മ സമാചര
അസക്തോ ഹ്യാചരന്‍ കര്‍മ
പരമാപ്‌നോതി പൂരുഷഃ
അതിനാല്‍, കര്‍ത്തവ്യങ്ങള്‍ ആസക്തി കൂടാതെ നിരന്തരം നന്നായി അനുഷ്ഠിക്കുക. എന്തുകൊണ്ടെന്നാല്‍ ആസക്തി കൈവെടിഞ്ഞ് ആചരിക്കുന്ന കര്‍മങ്ങള്‍ പരമാത്മപദത്തിലേക്ക് നയിക്കുന്നു.
മനുഷ്യനായി പരിണമിച്ചപ്പോള്‍ ഭാവനാശേഷിയും പ്രതിഭാശക്തിയും കിട്ടി. സാങ്കല്പികലോകങ്ങളില്‍ വിഹരിക്കാറായി. പക്ഷേ, പ്രാകൃതവികാരങ്ങള്‍ വേര്‍പെട്ടുമില്ല. ഭയത്തില്‍നിന്നു തുടങ്ങുന്ന ഭാവന അക്രമാസക്തിയില്‍ കലാശിക്കുന്നു. സാങ്കല്പികമായ ഇല്ലായ്മകള്‍ ആര്‍ത്തിയായി രൂപാന്തരപ്പെടുന്നു. ഈ ദുരന്തപരിണതികള്‍ പ്രപഞ്ചജീവനുമായി താളപ്പൊരുത്തം അനുഭവിക്കാന്‍ മനസ്സിനെയും ബുദ്ധിയെയും അനുവദിക്കുന്നില്ല. ആസക്തിയുടെ വേരറുക്കാന്‍ കഴിഞ്ഞാല്‍ ഈ ബന്ധനത്തില്‍നിന്ന് മുക്തിയായി. നന്നായൊന്നു കുടഞ്ഞാല്‍ അറ്റുതെറിക്കുന്നതേ ഉള്ളൂ കുരുക്കുകള്‍.
(തുടരും)





