githadharsanam

ഗീതാദര്‍ശനം - 78

Posted on: 06 Dec 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം


ഏവം പ്രവര്‍ത്തിതം ചക്രം
നാനുവര്‍ത്തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ
മോഘം പാര്‍ഥ സ ജീവതി

ഹേ പാര്‍ഥ, ഈ വിധം പ്രവര്‍ത്തിക്കുന്ന (കര്‍മ) ചക്രത്തെ അനുവര്‍ത്തിക്കാതെ ആരുണ്ടോ, അവന്‍ ഇന്ദ്രിയങ്ങള്‍ക്കടിമയും പാപംതന്നെയായ ആയുസ്സോടുകൂടിയവനും ജീവിതം പാഴാക്കിക്കളയുന്നവനുമാകുന്നു.

പ്രകൃതിയുടെ മുഖ്യധാരയില്‍ അണിചേരാനാണ് ആഹ്വാനം. വേര്‍പിരിഞ്ഞ ഇഴ പാഴിലായിപ്പോവുന്നു. സ്വയം അനര്‍ഥമാകുന്നതിനു പുറമേ അത് സംഘഗാനത്തില്‍ അപശ്രുതിയായും തീരുന്നു.

യസ്ത്വാത്മരതിരേവ സ്യാദ്
ആത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടഃ
തസ്യ കാര്യം ന വിദ്യതേ

എന്നാല്‍, ആത്മാവില്‍ രമിക്കുന്നവനായും ആത്മാവില്‍ തൃപ്തിയുള്ളവനായും ആത്മാവില്‍ത്തന്നെ സന്തുഷ്ടനായും കഴിയുന്ന ഒരാള്‍ക്ക് വിശേഷിച്ചെന്തെങ്കിലും പിന്നെ ചെയ്യേണ്ടതായി ഇല്ല.
പ്രകൃതിയുടെ സ്വാഭാവികഭാഗമാകുന്നത് എവ്വിധമെന്ന് പറയുന്നു. ആത്മാവില്‍ രമിക്കാന്‍ കഴിയുകയാണ് പ്രാഥമികമായി വേണ്ടത്. ശരീരമനോബുദ്ധികള്‍ക്കപ്പുറത്തുള്ള സച്ചിദാനന്ദസ്വരൂപമായ പ്രപഞ്ചാത്മാവിന്റെ പ്രസാദത്തില്‍ അഭിരമിക്കുന്ന കാര്യമാണ് ഈ പറയുന്നത്. പൂര്‍ണ തൃപ്തി നല്കാന്‍ അതൊന്നുമതി എന്ന അളവുവരെ എത്തണം, ആ രതി. അതിന്റെ ഫലമായി, പ്രപഞ്ചജീവന്റെ സന്തുഷ്ടി തന്റെ സന്തുഷ്ടിയായി ഭവിക്കാന്‍ മതിയായ അനുഭവസാക്ഷാല്‍ക്കാരം കൈവരണം. ഇങ്ങനെയുള്ള ഒരാള്‍ സ്വയമേവ പ്രപഞ്ചജീവന്റെ വഴിയെ കര്‍മനിരതനായിത്തീരുന്നു. താന്‍ ചെയ്യേണ്ടതെന്തെന്ന് ചിന്തിച്ച് അയാള്‍ക്ക് ഒരിക്കലും വിഷമിക്കേണ്ടിവരില്ല.

(തുടരും)



MathrubhumiMatrimonial