githadharsanam

ഗീതാദര്‍ശനം - 77

Posted on: 05 Dec 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം


അനാദ് ഭവന്തി ഭൂതാനി
പര്‍ജ്ജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പര്‍ജ്ജന്യോ
യജ്ഞഃ കര്‍മസമുദ്ഭവഃ
കര്‍മ ബ്രഹ്മോദ്ഭവം വിദ്ധി
ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത് സര്‍വഗതം ബ്രഹ്മ
നിത്യം യഞ്ഞേ പ്രതിഷ്ഠിതം

(ജീവജാലങ്ങള്‍ അന്നത്തില്‍നിന്ന് ഉണ്ടാകുന്നു. അന്നം മഴയില്‍നിന്ന് ഉണ്ടാകുന്നു. മഴ യജ്ഞത്തില്‍ പ്രപഞ്ചശക്തികളുടെ പരസ്​പരപൂരകത്വത്തില്‍) നിന്ന് ഉണ്ടാകുന്നു. അതായത്, (പ്രപഞ്ചത്തിന്റെ നടത്തിപ്പ് എന്ന) യജ്ഞത്തിന്റെ ഉല്‍ഭവം കര്‍മത്തില്‍ നിന്നാണ്. കര്‍മം പ്രപഞ്ചസൃഷ്ടിക്ക് ആധാരമായ അടിസ്ഥാനചോദനയില്‍നിന്നും ഉടലെടുക്കുന്നു. ആ ചോദന പരമാത്മാവില്‍നിന്നും ഉദ്ഭവിക്കുന്നു എന്നും അറിയുക. എന്നുവെച്ചാല്‍, എങ്ങും നിറഞ്ഞുനില്ക്കുന്ന ബ്രഹ്മം എന്നെന്നും സഹയജ്ഞരൂപമായ കര്‍മത്തില്‍ അധിഷ്ഠിതമാണെന്നറിയുക.
അദൈ്വതദര്‍ശനത്തിന് തനതായ പ്രപഞ്ചവിജ്ഞാനീയവും (cosmology) വിശ്വരൂപവും (cosmic model) ഉണ്ടെന്ന് നേരത്തെ നാം കണ്ടു. അതിന്‍പടി, പരമാത്മാവ് എന്ന ആത്യന്തികശക്തി അക്ഷരബ്രഹ്മമെന്ന അവ്യക്തമാധ്യമത്തിന് രൂപം നല്കുകയും അതില്‍ സ്​പന്ദനബീജമായി ഭവിച്ച് അനുരണനങ്ങളിലൂടെ ക്ഷരലോകത്തെ വിരിയിക്കയും ചെയ്യുന്നു. രണ്ടും സ്വാഭാവിക കര്‍മങ്ങളാണ്. ആ കര്‍മങ്ങളുടെ അനന്തരഫലമായി ക്ഷരലോകത്തില്‍ ആവിര്‍ഭവിക്കുന്ന ചലനങ്ങളാണ് പ്രകൃതിയില്‍ മഴയായും മറ്റും അരങ്ങേറുന്നത്. പ്രത്യക്ഷജീവന്‍ അന്നജത്തില്‍നിന്നാണ് (carmohydrate) ജനിക്കുന്നതെന്ന് സയന്‍സും പറയുന്നു. മഴയായി പൊഴിയുന്ന ജലം അതിനാവശ്യമാണ്.
ഇങ്ങനെ ഒരു പ്രപഞ്ചമാതൃക സയന്‍സില്‍ ഉരുത്തിരിഞ്ഞിട്ടില്ല. ഈ കാണപ്പെടുന്ന പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങള്‍ സയന്‍സിന് വ്യക്തമല്ല. അതിനാല്‍, പ്രപഞ്ചജീവന്റെ കാരണസ്​പന്ദം മുതല്‍ അനന്തകോടി ഉരുവങ്ങളുടെ കരണപ്രതികരണങ്ങളിലൂടെ നീളുന്ന കര്‍മങ്ങളുടെ തുടര്‍ക്കഥ എന്ന മാലയുടെ മാതൃക കോര്‍ക്കാന്‍ സയന്‍സില്‍ നൂലില്ല. വിശ്വത്തിലെ കര്‍മങ്ങളുടെ സമുച്ചയം കാരണസ്​പന്ദത്തിലേക്ക് തിരികെ എത്തുന്ന ചാക്രികതയുടെ കളംവരച്ച് ചിത്രം പൂര്‍ത്തിയാക്കാനും പറ്റുന്നില്ല.
(തുടരും)



MathrubhumiMatrimonial