githadharsanam

ഗീതാദര്‍ശനം - 76

Posted on: 04 Dec 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം


യജ്ഞശിഷ്ടാശിന സന്തോ
മുച്യന്തേ സര്‍വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപ
യേ പചന്ത്യാത്മകാരണാത്

പ്രകൃത്യനുരൂപവും ഈശ്വരാരാധനാതുല്യവുമായ ലോകസേവനം (യജ്ഞം) കൊണ്ട് ഉപജീവനം കഴിക്കുന്ന സജ്ജനങ്ങളെ ഒരുവിധ കളങ്കവും ബാധിക്കുന്നില്ല. എന്നാല്‍ തന്‍കാര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ ഭക്ഷിക്കുന്നതത്രയും പാപം മാത്രമാണ്.
ഞാന്‍, എന്റെ, എനിക്ക് എന്ന സങ്കല്പങ്ങളിലെ പിഴവാണ് ദുരിതങ്ങള്‍ക്കു കാരണം. ഒരാള്‍ക്കോ ഒരു കൂട്ടര്‍ക്കോ മാത്രമായി ഒരവകാശവും ഉണ്ടാകുക സാധ്യമല്ല. കര്‍ത്തവ്യങ്ങളാകട്ടെ, ഏവനും ഉണ്ടുതാനും. എന്റെ ക്ഷേമത്തിനുള്ള ഏറ്റവും നല്ല ഗ്യാരന്റി മറ്റെല്ലാവര്‍ക്കും എല്ലാറ്റിനും ക്ഷേമമുണ്ടായിരിക്കലാണ്. അതിനായി ഞാന്‍ പ്രവര്‍ത്തിക്കുകയാണ് എന്ന അറിവില്ലാതെയുള്ള 'അവനവനിസം' വെള്ളത്തില്‍ കുത്തിയ കുഴി നിലനിര്‍ത്താമെന്ന മണ്ടത്തരത്തിന്റെ പര്യായമല്ലെങ്കില്‍ മറ്റെന്താണ്? ഈ മണ്ടത്തരമാണ് പരിണാമപ്രക്രിയയില്‍ മനുഷ്യനു പറ്റിയ പ്രധാന കുഴപ്പം. പരിണാമശ്രേണിയില്‍ പിന്നിട്ട എല്ലാ ജീവരൂപങ്ങളിലെയും ചോദനകള്‍ നമ്മില്‍ ശേഷിച്ച് ഈ കുഴപ്പത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഭാഗ്യത്തിന്, ഇതിനെ മറികടക്കാനുള്ള ഉപാധി കൂടി പരിണാമഫലമായി നമുക്കു കൈവന്നിട്ടുണ്ട്. ആ ശേഷിയുടെ താഴ് തുറക്കാനുള്ള താക്കോലാണ് ഗീത നല്കുന്നത്.
ലോകത്തെ മാറ്റിമറിക്കാനുള്ള പ്രയത്‌നനമൊക്കെ ഉപേക്ഷിച്ച് കാളവണ്ടിയുഗത്തിലേക്ക് തിരിച്ചുപോകാനാണോ പറയുന്നതെന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയരാറുണ്ട്. ഒരിക്കലുമല്ല. അപരാവിദ്യയും ജീവലക്ഷണമാണ്. മനുഷ്യന്റെ സുസ്ഥിതിക്ക് ആവശ്യമായ സുരക്ഷയും വിഭവങ്ങളും ഒരുക്കാനുള്ള പ്രയത്‌നനം ഒരര്‍ഥത്തിലും അനാവശ്യമോ അപ്രസക്തമോ അല്ല. അതിന്റെ പ്രയോഗത്തില്‍ 'അവനവനിസം' (പ്രകൃതിവിരോധം) ഇല്ലെന്ന് ഉറപ്പുണ്ടാകണമെന്നു മാത്രം. ചെയ്യുന്നതത്രയും തനിക്കെന്നപോലെ വിശ്വത്തിലെല്ലാറ്റിനും ഹിതകരമായിരിക്കണം. അങ്ങനെയാണോ എന്ന ചോദ്യമാണ് മുന്‍നടക്കേണ്ടത്. പരാവിദ്യ തേര്‍ തെളിക്കട്ടെ. അപരാവിദ്യകള്‍ അതിന്റെ കുതിരകള്‍ മാത്രമേ ആകേണ്ടതുള്ളൂ.

(തുടരും)



MathrubhumiMatrimonial