githadharsanam

ഗീതാദര്‍ശനം - 75

Posted on: 03 Dec 2008


കര്‍മയോഗം



ഇഷ്ടാന്‍ ഭോഗാന്‍ഹി വോ ദേവാ
ദാസ്യന്തേ യജ്ഞഭാവിതാഃ
തൈര്‍ദത്താന പ്രദായൈഭ്യോ
യോ ഭുങ്‌ക്തേ സ്‌തേന ഏവ സഃ

യജ്ഞഭാവനയോടെ പരിസേവിക്കപ്പെടുന്ന ആ ദേവകള്‍ ഇഷ്ടാനുസാരം സുഖസൗകര്യങ്ങള്‍ തരാതിരിക്കില്ല. ഇങ്ങനെ കിട്ടുന്നതിന് പകരമായി (ആ ദേവകളെ പരിപോഷിപ്പിക്കുന്നതിലേക്ക്) ഒന്നും തിരികെ നല്‍കാതെ, കിട്ടിയതെല്ലാം സ്വയം അനുഭവിക്കുകമാത്രം ചെയ്യുന്നവന്‍ മോഷ്ടാവുതന്നെയാണ്.
കരാര്‍ തെറ്റിക്കുന്ന ആളെ വിളിക്കേണ്ടത് വിശ്വാസവഞ്ചകന്‍, കള്ളന്‍ എന്നൊക്കെയല്ലേ? പ്രകൃതിശക്തികളെ കീഴടക്കി അവയുടെമേല്‍ താത്കാലികമായ അധീശത്വം നേടി സ്വയം ഒരു കൃത്രിമക്കൂട്ടില്‍ അടച്ച് വാഴാനല്ല, എല്ലാ ചരാചരങ്ങളും ഉള്‍പ്പെട്ട വിശ്വമെന്ന നിയതഘടനയുടെ ഭാഗമെന്ന നിലയില്‍ സ്വാഭാവികമായി കൊടുത്തും വാങ്ങിയും ജീവിക്കാനാണ് ഗീത നിര്‍ദേശിക്കുന്നത്. അപ്പോള്‍, 'അവകാശങ്ങള്‍ = ചുമതലകള്‍' എന്നൊരു സമവാക്യം നിലവില്‍വരും. അതാണ് യജ്ഞഭാവനയുടെ മുഖമുദ്ര. അതോടെ അരക്ഷിതത്വം എന്ന നിതാന്തമായ ആധി ആര്‍ക്കും ഇല്ലാതാവും.
സയന്‍സിന്റെ അപഗ്രഥന വ്യഗ്രതയ്ക്ക് നേര്‍വിപരീതമാണ് ഈ ഉദ്ഗ്രഥന സമീപനം (integrational approach) ലോകം വേറെ, ഞാന്‍ വേറെ, ശരീരം വേറെ, മനസ്സ് വേറെ, സ്ഥലം (space) വേറെ, ദ്രവ്യം (matter) വേറെ. എന്റെ വേറെ നിന്റെ വേറെ എന്നിങ്ങനെയുള്ള കാഴ്ചപ്പാട് ദക്കാര്‍ത്തെയുടെ (Descartes) കാലംതൊട്ടേ സയന്‍സില്‍ വാഴുന്നു. ഉദാഹരണത്തിന്, 'സാമ്പത്തികമനുഷ്യ'ന്റെ (economic man) നിര്‍വചനം നോക്കുക. 'എപ്പോഴും ലാഭത്തിനായി മാത്രം വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന ജീവി' എന്നാണത്. (അന്യമായ) പ്രകൃതിയെ കീഴടക്കലാണ് 'പുരോഗതി'. പ്രകൃതി എന്നതില്‍ ഇതരമനുഷ്യരും ഉള്‍പ്പെട്ടുപോകുന്നു. ചൂഷണം പതിവാകുന്നു. അതിനെതിരെയുള്ള പ്രത്യയശാസ്ത്രങ്ങള്‍ വഴിയേ വരുന്നു. പക്ഷേ, തിരുത്തലുകളുടെ അടിത്തറയും മറ്റൊന്നല്ലാത്തതിനാല്‍ അവയുടെ പടുത്തുകെട്ടും നീണ്ടുവാഴുന്നില്ല.

(തുടരും)



MathrubhumiMatrimonial