
ഗീതാദര്‍ശനം - 74
Posted on: 02 Dec 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
ദേവാന്‍ ഭാവയതാനേന
തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമവാപ്‌സ്യഥ
(അങ്ങനെയുള്ള) കര്‍മങ്ങള്‍കൊണ്ട് നിങ്ങള്‍ ദേവകളെ പ്രീതിപ്പെടുത്തുവിന്‍. അപ്പോള്‍ ആ ദേവകള്‍ നിങ്ങളെ സന്തോഷിപ്പിക്കും. (അവ്വിധം) അന്യോന്യം പോഷിപ്പിച്ച് പരമമായ ശ്രേയസ്സ് നേടുവിന്‍.
ക്ഷേത്രങ്ങളിലെയും കാവുകളിലേയും പ്രതിഷ്ഠകളെയോ പുരാണകഥകളിലെ കഥാപാത്രങ്ങളെയൊ അല്ല, പ്രകൃതിയിലെ പ്രതിഭാസങ്ങളെയാണ് ദേവകളെന്ന് പറയുന്നത്. മണല്‍ത്തരി മുതല്‍ ഹിമാലയം വരെയും മഞ്ഞു മുതല്‍ കൊടുങ്കാറ്റുവരെയും പുല്‍ക്കൊടി മുതല്‍ കൊമ്പനാനവരെയും എല്ലാമെല്ലാം ദേവകള്‍. (അവ 'മുപ്പത്തിമുക്കോടി' അഥവാ എണ്ണമറ്റ അളവില്‍ ഉണ്ട്.) ഓരോ ജീവിയുടെയും വാഴ്‌വ് വിശ്വത്തിലെ എല്ലാ ദേവകളുമായും ബന്ധപ്പെട്ടു കിടക്കുന്നു. പ്രത്യക്ഷത്തില്‍ അപകാരികളായവ പോലും സൂക്ഷ്മദൃഷ്ടിയില്‍ ഉപകാരികളാണെന്നു കാണാം. ഒന്നിനും അന്യമായോ അനാവശ്യമായോ മറ്റൊന്നുംതന്നെ പ്രപഞ്ചത്തിലില്ല. പരസ്പരാശ്രയത്തിലൂടെയാണ് ശ്രേയസ്സ്. എല്ലാ വിഭാഗീയതകളും വിഭിന്നതകളും ദുഃഖകാരണങ്ങളാണ്. സ്വാഭാവികമായി നല്കപ്പെടുന്നതല്ലാതെ ഒന്നും പിടിച്ചെടുക്കാന്‍ പാടില്ല. പ്രകൃതിയെ കീഴടക്കുക, ചൂഷണം ചെയ്യുക മുതലായ നിലപാടുകളും അതില്‍നിന്നുളവാകുന്ന നടപടികളും ആത്മഹത്യാപരമാണ്.
മനുഷ്യന്റെ ചെയ്തികളുടെ ഫലമായി അന്യംനിന്നുപോകുന്ന ജീവിവംശങ്ങള്‍ മുതല്‍ പരിസരമലിനീകരണവും ആഗോളതാപനവും മാരകായുധങ്ങളും ലോകമഹായുദ്ധങ്ങളും വരെ ഉളവാക്കുന്ന വിഷമങ്ങള്‍ ഇപ്പോള്‍ നമ്മെ ഈ പ്രാഥമികപാഠം 'അടിച്ചു പഠിപ്പി'ക്കുന്നു.
'നിയത'മായ കര്‍മം ഏതെന്നറിയാന്‍ ഒരു വിഷമവുമില്ല. ഒരു ചെയ്തി ഈ മഹാവിശ്വത്തിലെ 'ദേവക'ളില്‍ ഏതെങ്കിലും ഒന്നിന് അഹിതമാകുന്നെങ്കില്‍ അത് നിയതമല്ല.
(തുടരും)





