
ഗീതാദര്‍ശനം - 73
Posted on: 01 Dec 2008
കര്‍മയോഗം
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ
പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വം
ഏഷ വോ/സ്ത്വിഷ്ട കാമധുക്
(പരസ്പരപൂരകങ്ങളായ) യജ്ഞചോദനകളോടെ പ്രജകളെ സൃഷ്ടിച്ച് പ്രജാപതി പറഞ്ഞത് ''നിങ്ങള്‍ ഇവകൊണ്ട് സ്വയം അഭിവൃദ്ധി പ്രാപിക്കുവിന്‍, ഇവ നിങ്ങള്‍ക്ക് ഇഷ്ടവരങ്ങള്‍ നല്‍കുന്ന കാമധേനുവായി ഭവിക്കട്ടെ'' എന്നാണ്.
സൃഷ്ടികളുടെ സ്വഭാവത്തിലെ പരസ്പരപൂരകത്വം കാണുമ്പോള്‍ സൃഷ്ടികര്‍ത്താവ് ഇവ്വിധം പറയുന്നതായി തോന്നും എന്നേ ധരിക്കേണ്ടതുള്ളൂ. അല്ലാതെ പ്രപഞ്ചത്തിന്റെ ഉത്പാദകനായി ഒരു സ്വേച്ഛാധിപതിയെ അവതരിപ്പിക്കയല്ല ഈ ശ്ലോകോദ്ദേശ്യം.
പ്രധാനപ്പെട്ട സംഗതി, വിവിധ ഉരുവങ്ങള്‍ തമ്മില്‍, അവയുടെ നിലനില്പിനാവശ്യമായ സാഹചര്യം ഒത്തുവരുന്നതിലേക്കായി, അവയുടെ വൃത്തികളില്‍ പാരസ്പര്യം വാഴുന്നു എന്നതാണ്. സഹകരണസ്വഭാവമുള്ള കര്‍മങ്ങള്‍ക്കായാണ് നൈസര്‍ഗിക ചോദന. തനിക്കുവേണ്ടി ആയിരിക്കെത്തന്നെ സര്‍വത്തിനും വേണ്ടിയുമാണ് ഓരോ ഉരുവത്തിന്റെയും നൈസര്‍ഗികങ്ങളായ ചെയ്തികള്‍. ആരും ഒന്നും ആര്‍ക്കും ഒന്നിനും അന്യമല്ല, ആകരുത്. ആകുന്നത് ഇരിക്കുംകൊമ്പ് മുറിക്കുമ്പോലെയാണ്.
പരമാണുക്കള്‍ ചേര്‍ന്ന് തന്‍മാത്രകള്‍ രൂപം കൊള്ളുന്നതും തന്‍മാത്രകള്‍ പരലുകള്‍ ആയും മഹാതന്‍മാത്രകളായും ഭവിക്കുന്നതുമെല്ലാം സഹയജ്ഞചോദനയുടെ ഫലം. ആകര്‍ഷണവും വികര്‍ഷണവും കാറ്റും മഞ്ഞും മഴയും സൂര്യനും നക്ഷത്രങ്ങളുമൊക്കെ ഇതേ സഹവര്‍ത്തിത്വചോദനയുടെ തുടര്‍ച്ചയായിട്ടാണ് ഉണ്ടാകുന്നത്. ജീവന്റെ അടിസ്ഥാനസ്വഭാവം ഇതുതന്നെ. എല്ലാ അര്‍ഥത്തിലും, ഒന്നിനൊന്ന് താങ്ങായാണ് എല്ലാം ഇരിക്കുന്നത്.
(തുടരും)





