
'മേജര്‍ സന്ദീപ് ചിരായുവാഗലെ...
Posted on: 30 Nov 2008
ബാംഗ്ലൂര്‍:മലയാളിയായ മേജര്‍ സന്ദീപിനെ സ്വന്തം വീരപുത്രനായി കണ്ടാണ് കര്‍ണാടക രക്ഷണവേദികെ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. ഭാരതമാതാവിന് ജയ് വിളിക്കുന്നതിനൊപ്പം പാകിസ്താന് മുര്‍ദാബാദ് വിളിക്കാനും അവര്‍ മറന്നില്ല. പതിനൊന്നുമണിയോടെ സന്ദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടു ള്ള സൈനികവാഹനം ഹെബാള്‍ വൈദ്യുതി ശ്മശാനത്തിലെത്തിയപ്പോള്‍ കര്‍ണാടകത്തിന്റെ കൊടികളും ദേശീയ പതാകയുമൊക്കെ വീശി ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി. മതിലിലും മരമുകളിലും കയറി അവര്‍ സന്ദീപിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. 'മേജര്‍ സന്ദീപ് ചിരായുവാഗലെ...' (മേജര്‍ സന്ദീപ് നീണാല്‍ വാഴട്ടെ), 'കന്നഡ വീരപുത്രഗെ അമരരാഗലെ' (കന്നഡ വീരപുത്രന്‍ അമരനാകട്ടെ) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എങ്ങും മുഴങ്ങി. വിവിധ സംഘടനകള്‍ റീത്തുകളും രക്തപുഷ്പഹാരങ്ങളും സന്ദീപിന് സമര്‍പ്പിച്ചു. ആചാരവെടി മുഴങ്ങവെ പലരും ധീരജവാന് സല്യൂട്ട് നല്‍കി.പന്ത്രണ്ടേകാലേ ാടെ മൃതദേഹം ശ്മശാനത്തിനുള്ളിലേക്കെടുത്തപ്പോള്‍ മുദ്രാവാക്യങ്ങളും ഉച്ചസ്ഥായിയിലായി. തുടര്‍ന്ന് പലരും കണ്ണീരൊപ്പി.




