githadharsanam

ഗീതാദര്‍ശനം - 72

Posted on: 30 Nov 2008


കര്‍മയോഗം



യജ്ഞാര്‍ഥാത് കര്‍മണോശന്യത്ര
ലോകോശയം കര്‍മ ബന്ധനഃ
തദര്‍ഥം കര്‍മ കൗന്തേയ
മുക്തസംഗഃ സമാചര

ഈ ലോകത്തില്‍ യജ്ഞാര്‍ഥമല്ലാതെയുള്ള കര്‍മങ്ങള്‍ മനുഷ്യരെ ബന്ധനസ്ഥരാക്കുന്നു. അതിനാല്‍ ഹേ അര്‍ജുന നീ യജ്ഞാര്‍ഥമായി, അനാസക്തനായും കര്‍മങ്ങള്‍ നന്നായി ആചരിക്കുക.
(യജ്ഞമെന്ന വാക്കിന് യാഗാദി ക്രിയകള്‍ എന്ന വികൃതാര്‍ഥം കല്പിക്കാന്‍ പഴുതില്ല. ഭോഗൈശ്വര്യപ്രസക്തരും ബുദ്ധി ഉറയ്ക്കാത്തവരുമായ ആളുകളുടെ ഏര്‍പ്പാടുകളാണ് അവ എന്ന് നേരത്തേ പറഞ്ഞുകഴിഞ്ഞു.
യജ്ഞശബ്ദത്തിന് ഈശ്വരന്‍ എന്നും ഈശ്വരസേവാരൂപത്തിലുള്ള കര്‍മം എന്നും അര്‍ഥമുണ്ട്. അതായത്, പ്രപഞ്ചത്തിന്റെ ജീവന്‍ ഈശ്വരന്‍. വിശ്വത്തിലെ എല്ലാതും അതിന്റെ തുടര്‍ച്ച. അപ്പോള്‍ വിശ്വസേവനം ഈശ്വര സേവതന്നെ.
യുദ്ധം എങ്ങനെയാണ് ഈശ്വര സേവയായി മാറുന്നത്? അവനവനിലെ കാമക്രോധങ്ങളോട് പൊരുതുമ്പോള്‍ അത് അവനവനിലിരിക്കുന്ന ഈശ്വരനുള്ള സേവ. പുറത്തെ അനീതികളോട് അഹന്തയോ വിദ്വേഷമോ ഫലപ്രാപ്തിയില്‍ സ്വാര്‍ഥപരമായ ഇച്ഛയോ ഇല്ലാതെ പൊരുതുമ്പോള്‍ അത് സര്‍വവ്യാപിയായ ഈശ്വരനുള്ള സേവ.
വിശ്വത്തിലെല്ലാതും വിശ്വജീവന്റെ ചോദനയനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ആ ചോദനയുടെ അതിരുകള്‍ കടക്കുന്നത് മനുഷ്യന്‍ മാത്രമാണ്. ഫലങ്ങള്‍ക്കായി ഇച്ഛിക്കാന്‍ ഭാവന ഇല്ലാത്തതിനാലും അപ്പോഴുള്ള ആവശ്യം നിറവേറ്റാന്‍ വേണ്ടതിലേറെ വാരിക്കൂട്ടാന്‍ ആര്‍ത്തി ഇല്ലാത്തതിനാലും ഇതര ജീവികള്‍ അവയുടെ കര്‍മങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല. നിയതങ്ങളായ കര്‍മങ്ങളേ അവ ചെയ്യുന്നുള്ളൂ. ''ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല'' എന്നതിന്റെ പൊരുള്‍ ഇതാണ്. സത്യത്തില്‍ അവ രണ്ടും ചെയ്യുന്നുണ്ട്. പക്ഷേ, തങ്ങള്‍ക്കു മാത്രം എന്ന ലാക്കോടെയല്ല ചെയ്യുന്നത്.



MathrubhumiMatrimonial