
ഏറ്റുമുട്ടല്‍: മേജര്‍ സന്ദീപ് വീരമൃത്യു വരിച്ചു
Posted on: 29 Nov 2008
മുംബൈ: താജ് ഹോട്ടലില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ദേശീയ സുരക്ഷാ സേനയിലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ (31) വീരമൃത്യു വരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ സന്ദീപിന് വ്യാഴാഴ്ച രാത്രി നടന്ന വെടിവെപ്പിലാണ് മാരകമായി പരിക്കേറ്റത്.
നാനൂറോളം മുറികളുള്ള താജ്മഹല്‍ ഹോട്ടലിലെ പഴയ കെട്ടിടത്തില്‍ ആണ് കമാന്‍ഡോകള്‍ ഭീകരരെ തുരത്തുന്ന ഓപ്പറേഷന് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയതെന്ന് കമാന്‍ഡോ മേധാവി പിന്നീട് വ്യക്തമാക്കി. താജിലെ ജീവനക്കാരുടെ സഹായത്തോടെയാണ് കമാന്‍ഡോ ഓപ്പറേഷന്‍ നടന്നത്. മുറികള്‍ മുഴുവനും പുകനിറഞ്ഞ് കറുത്തിരിക്കുന്നതിനാല്‍ കമാന്‍ഡോകള്‍ ഏറെ ബുദ്ധിമുട്ടി. ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ സെറ്റുകള്‍ ഉറപ്പിച്ചിരുന്ന മുറിയുടെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു.
ഈ നീക്കത്തിനിടയില്‍ ഉണ്ടായ ഭീകരരുടെ ആക്രമണത്തിലാണ് സന്ദീപിന് വെടിയേറ്റത്. സന്ദീപിന് പുറമെ മറ്റൊരു കമാന്‍ഡോവിനും 'താജി'ല്‍ നടന്ന ഓപ്പറേഷനില്‍ പരിക്കേറ്റു. ഭീകരര്‍ അഞ്ച്, ആറ് നിലകളില്‍നിന്ന് മാറി മാറിമാറിയാണ് ആക്രമണം നടത്തിയത്.
സന്ദീപിന്റെ ശവസംസ്‌കാരം ശനിയാഴ്ച ഔദ്യോഗിക ബഹുമതികളോടെ ബാംഗ്ലൂരില്‍ നടക്കും. ഹെബാള്‍ വൈദ്യുതിശ്മശാനത്തില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാരച്ചടങ്ങ്.




