
ഗീതാദര്‍ശനം - 71
Posted on: 29 Nov 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
നിയതം കുരു കര്‍മ ത്വം
കര്‍മ ജ്യായോ ഹ്യകര്‍മണഃ
ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യേദകര്‍മണഃ
ചെയ്യേണ്ടത് ഉത്തമബോധ്യമുള്ള കര്‍മ്മങ്ങള്‍ നീ ചെയ്യണം. കര്‍മം ചെയ്യുന്നത് കര്‍മം ചെയ്യാതിരിക്കുന്നതിനേക്കാള്‍ ശ്രേയസ്‌കരമാണെന്നതില്‍ സംശയമേ ഇല്ല. ഒരു കര്‍മവും ചെയ്യാതിരുന്നാല്‍ ജീവസന്ധാരണംപോലും നിനക്ക് സാധ്യമല്ല.
ഒരു കര്‍മവും ചെയ്യാതെ പുലരാന്‍ ഒരു ജീവിക്കും കഴിയില്ല. കാരണം, അന്നപാനാദികള്‍ കഴിക്കുന്നതും ശ്വസിക്കുന്നതുപോലും കര്‍മങ്ങള്‍തന്നെ.
'നിയതം' എന്ന വാക്കിന് 'സ്വപ്രകൃതിക്ക് അനുസൃതമായി മനസ്സാക്ഷിയുടെ നിയോഗമനുസരിച്ചുള്ള' എന്ന അര്‍ഥമേ സിദ്ധിക്കുന്നുള്ളൂ. എന്തുകൊണ്ടെന്നാല്‍, ഇഷ്ടമില്ലെങ്കില്‍ ഗീതോപദേശത്തെയും അനുസരിക്കേണ്ടതില്ലെന്നാണ് ഗീതയുടെ തന്നെ അവസാന വാക്ക്. (ആ മനസ്സാക്ഷി എങ്ങനെയുള്ളതായിരിക്കണം എന്നതിനെപ്പറ്റി വിശദമായി പിന്നീട് പറയുന്നുമുണ്ട്.)
(തുടരും)





