സൈലന്റ് വാലിയിലേക്കും കാട്ടുതീ പടരുന്നു

Posted on: 28 Feb 2012


* പടരുന്നത് ആയിരത്തില്‍പ്പരം ഏക്കറില്‍
* സൈലന്റ്‌വാലി കരുതല്‍ മേഖലയിലേക്കും പടര്‍ന്നതായി സൂചന
* ദ്രുതകര്‍മസേന വരണമെന്ന് ആവശ്യം
* കോടികളുടെ വനവിഭവങ്ങള്‍ ചാമ്പലായി

ചെങ്കോട് മലവാരത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ


കാളികാവ്: ചെങ്കോട് മലവാരത്തിലെ വനമേഖലകളില്‍ ആയിരത്തില്‍പ്പരം ഹെക്ടറുകളില്‍ പടര്‍ന്ന കാട്ടുതീ മൂന്നുദിവസമായിട്ടും അണയ്ക്കാനായില്ല. കോടികള്‍ വിലമതിക്കുന്ന വനവിഭവങ്ങള്‍ക്കും നാശമുണ്ടായി. വന്യമൃഗങ്ങള്‍ക്കും ഹാനി സംഭവിച്ചു. ഏതാനും ആദിവാസി കുടുംബങ്ങളും കാട്ടുതീ പടര്‍ന്ന മേഖലയിലുള്ളതായി പറയുന്നു. തീയണയ്ക്കല്‍ ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ ഹെലികോപ്ടര്‍ അടക്കമുള്ള സംവിധാനങ്ങളുമായി ദ്രുതകര്‍മസേനയെ വരുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

പുല്ലങ്കോട്, നെല്ലിക്കര വനമേഖലകള്‍ക്ക് പുറമെ സൈലന്റ്‌വാലിയുടെ കരുതല്‍ മേഖലയിലേക്കും തീ വ്യാപിച്ചതായി സൂചനയുണ്ട്.

പുല്ലങ്കോട് റബ്ബര്‍ എസ്റ്റേറ്റിന് സമീപമുള്ള സ്വകാര്യ തോട്ടത്തില്‍ ഫയര്‍ലൈന്‍ നിര്‍മിക്കുന്നതിനിടയിലാണ് തീ നിയന്ത്രണംവിട്ട് വനമേഖലയിലേക്ക് പടര്‍ന്നത്. സ്വകാര്യവ്യക്തികളുടെ 30 ഏക്കറോളം റബ്ബര്‍തോട്ടങ്ങളും കത്തിനശിച്ചിട്ടുണ്ട്. തോട്ടങ്ങളിലെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞുവെങ്കിലും വനമേഖലയിലെ തീ കെടുത്താന്‍ കഴിഞ്ഞിട്ടില്ല.

ചെങ്കോട് മലവാരത്തില്‍നിന്ന് പുല്ലങ്കോട്, നെല്ലിക്കര വനമേഖലകളിലേക്ക് തീപടര്‍ന്നിട്ടുണ്ട്. മൂന്ന് മലവാരങ്ങളോട് ചേര്‍ന്നുകിടക്കുന്ന സൈലന്റ്‌വാലിയുടെ കരുതല്‍ മേഖലയിലും തീ വ്യാപിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. സൈലന്റ്‌വാലി കരുതല്‍മേഖലയ്ക്ക് മുതല്‍ക്കൂട്ടാകണമെന്നതിന്റെ അടിസ്ഥാനത്തില്‍ മുറിക്കാതെയിട്ട ഈറ്റയും മുളയും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ബാംബു കോര്‍പ്പറേഷന്‍ പലതവണ അപേക്ഷിച്ചിട്ടും ചെങ്കോട്, പുല്ലങ്കോട്, കണ്ണത്ത് മലവാരങ്ങളില്‍നിന്ന് ഈറ്റ ശേഖരിക്കുന്നതിന് വനംവകുപ്പ് അനുമതി നല്‍കിയിരുന്നില്ല.

വനമേഖലയില്‍നിന്ന് താഴത്തേക്ക് തീ പടരുമെന്ന ഭീതിയുള്ളതിനാല്‍ സ്വകാര്യ തോട്ടം ഉടമകള്‍ രാപകല്‍ ഭേദമില്ലാതെ പണിയെടുത്ത് ഫയര്‍ലൈന്‍ ഉണ്ടാക്കുകയാണ്. കാട്ടുതീയുടെ ചൂടില്‍ ആനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുമെന്ന പേടിയും പരന്നിട്ടുണ്ട്.

മൂന്നുദിവസമായിട്ടും തീ അണയ്ക്കാന്‍ കഴിയാത്തത് വനത്തിനുള്ളിലും വനാതിര്‍ത്തിയോട് ചേര്‍ന്നും താമസിക്കുന്ന ആദിവാസികളുടെ ജീവനും അപൂര്‍വ സസ്യ-ജന്തു സമ്പത്തിനും ഭീഷണിയായിട്ടുണ്ട്. ആദിവാസികളും സ്വകാര്യ തോട്ടം ഉടമകളും തീ അണയ്ക്കുന്നതിന് രംഗത്തുണ്ട്. സൈലന്റ്‌വാലി കരുതല്‍മേഖലയായ കോഴിപ്ര മലവാരത്തിലേക്ക് തീ പടരുന്നത് തടയാനായി തീവ്രശ്രമം നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.





MathrubhumiMatrimonial