
ഗീതാദര്‍ശനം - 67
Posted on: 25 Nov 2008
സി. രാധാകൃഷ്ണന്‍
കര്‍മയോഗം
കര്‍മത്തിന്റെ പരമപ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ടാണ് വിശദാംശങ്ങളിലേക്കു പോകുന്നത്. അധ്വാനത്തിലുള്ള അലസത മാന്യതയുടെയും അറിവിന്റെയും ലക്ഷണമായിക്കണ്ട സാമൂഹികാവസ്ഥയില്‍ നിന്ന് മോചനം എന്നതുകൂടിയാണ് ഗീതയുടെ ഉന്നം.
ന കര്‍മണാമനാരംഭാ-
ന്നൈഷ്‌കകര്‍മ്യം പുരുഷോശ്‌നുതേ
ന ച സന്ന്യസനാദേവ
സിദ്ധിം സമധിഗച്ഛതി
പുരുഷന്‍ (മനുഷ്യന്‍) കര്‍മങ്ങളുടെ അനാരംഭം കൊണ്ട് (ഒരു കാര്യം ചെയ്യാനും പുറപ്പെടാതിരിക്കകൊണ്ട്) നൈഷ്‌കര്‍മ്യത്തെ (മോക്ഷത്തെ) പ്രാപിക്കുന്നില്ല. (തുടങ്ങിവെച്ച) കര്‍മത്തെ ഉപേക്ഷിക്കുന്നതു (സന്ന്യാസം) കൊണ്ടുമാത്രമാവും (ആരും) മോക്ഷം കൈവരിക്കുന്നില്ല.
മായയെന്ന് പ്രപഞ്ചത്തെ തള്ളിപ്പറയാനല്ല, അരയും തലയും മുറുക്കി കര്‍മോത്സുകരാകാനാണ് ഗീത ആഹ്വാനം ചെയ്യുന്നത്. ആശാസ്യമായ കര്‍മം എങ്ങനെ ഇരിക്കണം എന്നുകൂടി പറയുന്നുണ്ട്. അത് നിസ്വാര്‍ഥമാകണം. എന്നു വെച്ചാലോ?
മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ സുഖദുഃഖങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ നിന്നാണ് വികാരങ്ങള്‍ ഉണ്ടാകുന്നത്. ഈ വികാരങ്ങള്‍ ചിന്തകളെ രൂപപ്പെടുത്തുന്നു. ഈ ചിന്തകളുടെ ആവിഷ്‌കാരങ്ങളാണ് കര്‍മങ്ങള്‍. അതിനാല്‍ കര്‍മങ്ങള്‍ നിസ്വാര്‍ഥങ്ങളാകണമെങ്കില്‍ അവയുടെ ആണിവേരില്‍ നിന്നുതന്നെ ശുശ്രൂഷ തുടങ്ങണം. സങ്കല്പങ്ങള്‍ക്ക് ശുദ്ധി കൈവരണം. അതുതന്നെ നൈഷ്‌കര്‍മ്യം. അവിഹിത സങ്കല്പങ്ങളും വിചാരങ്ങളും നിലനില്‍ക്കെ അവയുടെ ഫലങ്ങളായ കര്‍മങ്ങളെ മാത്രം ഉപേക്ഷിക്കുന്നതുകൊണ്ട് നൈഷ്‌കര്‍മ്യം കൈവരുന്നില്ല.
ഇവിടെ കര്‍മം എന്ന വാക്കിന് യജ്ഞയാഗാദികള്‍ എന്ന് അര്‍ഥം കല്പിച്ച് വ്യാഖ്യാനിക്കാന്‍ നിവൃത്തിയില്ല. മനുഷ്യജീവിതത്തിലെ സകല കര്‍മങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് പറയുന്നതെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണ്.
യുദ്ധക്കളത്തില്‍ എതിരാളികളെ പോരിനു വിളിച്ചതില്‍പ്പിന്നെ ഒരാള്‍ ആയുധം വെച്ച് പുറംതിരിഞ്ഞ് ഇരുന്നാല്‍ അയാളെ മറ്റെന്തു വിളിച്ചാലും പരമശാന്തിയെ പ്രാപിച്ച സന്ന്യാസി എന്നു പറയാന്‍ വയ്യ.
കര്‍മനിമഗ്‌നനനായ ഒരാള്‍ക്ക് 'ഞാന്‍ കര്‍മം ചെയ്യുന്നില്ല' എന്ന ഭാവം കൈവരണമെങ്കില്‍ കര്‍തൃത്വം തന്റെ അഹംബുദ്ധിയില്‍ നിന്ന് പ്രകൃതിയിലേക്കോ പരമാത്മാവിലേക്കോ സ്ഥാനം മാറിയതായി കാണാന്‍ കഴിയണം. സന്ന്യാസസങ്കല്പം എന്ന് പറയുന്നത് ഇതിനെയാണ്. ഈ സങ്കല്പമുള്ള ആള്‍ എല്ലാ കര്‍ത്തവ്യകര്‍മങ്ങളും ചെയ്യുന്നു. ചെയ്യണം. ഈ സ്ഥിതിയില്‍ എത്താതെ 'ഞാന്‍ ഒന്നും ചെയ്യില്ല. അതാണല്ലോ മുക്തിമാര്‍ഗം' എന്നു നിശ്ചയിക്കുന്ന ആള്‍ സന്ന്യാസിയായില്ല. ജീവപരിണാമത്തിന്റെ ലക്ഷ്യം നേടാനുള്ള വഴി ജീവിതത്തില്‍ നിന്ന് ഒളിച്ചോടലല്ല.
ആചാര്യസ്വാമികള്‍ പറയുന്നു. 'കര്‍മം ചെയ്യാഞ്ഞാല്‍ ഒരുവന്‍ ഷൈകര്‍മ്യത്തെ പ്രാപിക്കുന്നില്ല എന്നു പറഞ്ഞതുകൊണ്ട് കര്‍മം ചെയ്താല്‍ നൈഷ്‌കര്‍മ്യസിദ്ധി ഉണ്ടാകുമെന്നു വരുന്നു. കര്‍മം അനുഷ്ഠിക്കാതിരുന്നാല്‍ എന്തുകൊണ്ട് നൈഷ്‌കര്‍മ്യത്തെ പ്രാപിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം എന്തെന്നാല്‍ കര്‍മാനുഷ്ഠാനം നൈഷ്‌കര്‍മ്യസിദ്ധിക്ക് കാരണമാകുന്നു. ഉപായം (സാധനം) കൂടാതെ ഉപേയം (സാധ്യം) ഉണ്ടാകുന്നില്ല എന്നു നിശ്ചയമാണ്. കര്‍മയോഗം നൈഷ്‌കര്‍മ്യലക്ഷണമായ ജ്ഞാനയോഗത്തിന് ഉപായമാകുന്നു എന്ന് ശ്രുതിയും ഗീതാശാസ്ത്രവും നമ്മെ പഠിപ്പിക്കുന്നു.'
ഉപനിഷത്തിലെ സാരോപദേശത്തെക്കുറിച്ചെഴുതിയ എല്ലാ മഹാത്മാരും ഈ പദ്യത്തെ ആണിക്കല്ലായെടുത്തിരിക്കുന്നു.
'എന്തിനേറെ പറയുന്നു, കര്‍മം ചെയ്യാതിരിക്കാന്‍ ഒരു ജീവിക്കും സാധിക്കില്ല' എന്ന (ഒരു ചെറുചിരിയോടെ എന്ന മട്ടില്‍) തുടര്‍ന്നു പറയുന്നു.
(തുടരും)





