
ഗീതാദര്‍ശനം - 66
Posted on: 24 Nov 2008
കര്‍മയോഗം
വ്യാമിശ്രേണേവ വാക്യേന
ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ
യേന ശ്രേയോശഹമാപ്നുയാം
കുഴഞ്ഞുമറിഞ്ഞപോലെ തോന്നുന്ന ഈ പ്രസ്താവങ്ങള്‍ എന്നില്‍ ആശയക്കുഴപ്പം ഉളവാക്കുന്നു. എനിക്ക് നന്മ വരുത്തുന്ന ഒറ്റക്കാര്യം ഏതോ അത് ഏതെന്ന് നിശ്ചയിച്ച് പറഞ്ഞുതന്നാലും.
മനുഷ്യബുദ്ധിക്ക് ഒരു വലിയ പരിമിതി ഉണ്ടെന്ന് ഇപ്പോള്‍ മനശ്ശാസ്ത്രത്തിനറിയാം: രണ്ടിലേറെ വസ്തുക്കളെയോ ആശയങ്ങളെയോ ഒരേ സമയം താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ടിലേറെ കൈയില്‍ കിട്ടിയാല്‍ അതില്‍നിന്ന് ഏതെങ്കിലും രണ്ടെടുത്ത് താരതമ്യം ചെയ്യുന്നു. ഈ താരതമ്യത്തിന്റെ ഫലത്തെ മൂന്നാമതൊന്നുമായി വീണ്ടും താരതമ്യം ചെയ്യുന്നു. അങ്ങനെ അവസാനംവരെ പോകണം. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ രൂപകല്പന ചെയ്യപ്പെടുന്നതും ഈ 'ഈരണ്ടായുള്ള' പരിഗണന അടിസ്ഥാനമാക്കിയാണ്.
ഇങ്ങനെ കൂട്ടിക്കുഴച്ച് പരിഭ്രമിപ്പിക്കാതെ, ഏതെങ്കിലുമൊന്ന് ഏറ്റവും നല്ലതെന്ന് നിശ്ചയിച്ചു കൊടുക്കാന്‍ അര്‍ജുനന്‍ ആവശ്യപ്പെടുന്നത് സ്വന്തം ഉള്ളിലെ ആളോടുതന്നെ എന്ന താത്ത്വികതലത്തിന് പ്രകൃതത്തില്‍ സാംഗത്യം നഷ്ടപ്പെടുന്നുമില്ല. ഉള്ളിലെ ആളും മനസ്സുമായി സംവദിക്കുന്നത് ബുദ്ധി എന്ന ഉപാധിയിലൂടെയാണ്; താരതമ്യങ്ങളും വിലയിരുത്തലുകളും സാധിക്കുന്നതും ബുദ്ധിയെ ഉപയോഗിച്ചുതന്നെ. അപ്പോഴും, ഒരേ സമയം രണ്ടില്‍ കൂടുതല്‍ പരിഗണിക്കാനാവില്ലെന്നര്‍ഥം. താരതമ്യപ്രക്രിയ അവസാനിക്കുവോളം മാനദണ്ഡം മാറുകയുമരുത്.
മറുപടി ആ വഴി പിന്‍പറ്റുന്നു.
ശ്രീഭഗവാനുവാച-
ലോകേശസ്മിന്‍ ദ്വിവിധാ നിഷ്ഠാ
പുരാ പ്രോക്താ മയാനഘാ
ജ്ഞാനയോഗേന സാംഖ്യാനാം
കര്‍മ്മയോഗേന യോഗിനാം
നിഷ്‌കളങ്കനായ ഹേ അര്‍ജുന, ഈ ലോകത്തില്‍ (ജന്‍മസാഫല്യത്തിന്) (മുഖ്യമായും) രണ്ട് വഴികളാണ് ഉള്ളതെന്നാണ് ഞാന്‍ മുന്‍പേ പറഞ്ഞത്: അറിവിനെ ആശ്രയിക്കുന്നവര്‍ക്ക് അതിലൂടെയും കര്‍മത്തെ ആശ്രയിക്കുന്നവര്‍ക്ക് അതിലൂടെയും. (അഭ്യുദയത്തിന് ഇടയാക്കുന്ന കര്‍മം ഏതോ അത് യോഗം.)
അറിവുതന്നെയാണ് പരമമായ ആശ്രയം എന്നതില്‍ സംശയമില്ല. ('പ്രജ്ഞാനം ബ്രഹ്മ'). പക്ഷേ, ലോകത്തില്‍ നിലനില്‍ക്കാനും പരമമായ അറിവിലേക്ക് എത്തിപ്പെടാനും കര്‍മത്തെ ആശ്രയിക്കാതെ പറ്റില്ല. രണ്ടു വഴികളും തമ്മിലുള്ള അഭേദ്യബന്ധം വിശദീകരിക്കുകയാണ് ഇനി.
ചിന്തയുംചെയ്തിയും തമ്മില്‍ ഉണ്ടായിരിക്കേണ്ട വേഴ്ചയാണ് വിഷയം. സ്വന്തമോ അന്യമോ ആയ ചെയ്തികളുടെ നിരീക്ഷണത്തില്‍നിന്ന് ചിന്തയും അതില്‍നിന്ന് വേറെ ചെയ്തിയും ഉരുവപ്പെടുന്നു. തുടര്‍ന്ന് ആ ചെയ്തികളുടെ ഫലനിരീക്ഷണവും വേറെ ചിന്തയും ജനിക്കുന്നു. ഇതൊരു ചങ്ങലപ്രതികരണമാണ്. ഇതിലൂടെ വേണം ശരിയായ അറിവിലെത്താന്‍. ചിന്തയുടെ ഒറ്റക്കാലില്‍ മുന്നോട്ടെന്നല്ല എങ്ങോട്ടും നടക്കാനാവില്ല. ഒന്നും ചെയ്യാതിരുന്നാല്‍ ഒന്നും മനസ്സിലാക്കാനാവില്ല എന്നു മാത്രമല്ല ജീവശ്ശാസ്ത്രപരമായി പറഞ്ഞാല്‍ പൂര്‍ണനൈഷ്‌കര്‍മ്യം ആത്മഹത്യയാണാകുക.
(തുടരും)





