
ഗീതാദര്‍ശനം - 65
Posted on: 23 Nov 2008
കര്‍മയോഗം
മനുഷ്യജന്മത്തിന്റെ ലക്ഷ്യത്തെയും അതിലേക്കു നയിക്കുന്ന വഴികളെയും പറ്റി ആറ്റിക്കുറുക്കി പറയുകയാണല്ലോ രണ്ടാമദ്ധ്യായത്തില്‍ ചെയ്തത്. അനുവാചകബുദ്ധിക്ക് എളുപ്പത്തില്‍ ദഹിക്കാത്തത്ര കട്ടിയായിപ്പോയി ആ സാന്ദ്രീകൃതരൂപം എന്നാണ് അര്‍ജുനന്റെ അടുത്ത ചോദ്യം തെളിയിക്കുന്നത്. കാര്യം വ്യക്തമായില്ല എന്ന് അര്‍ജുനന്‍ തെളിച്ചുതന്നെ പറയുന്നു. ലളിതമായ വിശദീകരണത്തിന് ഇത് വഴിയൊരുക്കുന്നു. (ഉപനിഷത്തുകളിലെ ആശയസാരം ആര്‍ക്കും ഗ്രഹിക്കാനുതകുന്ന, ചോദ്യോത്തരരൂപത്തിലുള്ള, പോപ്പുലര്‍ സയന്‍സ് കൃതിയാണ് ഗീത എന്ന വസ്തുത ഈ അവതരണരീതികൊണ്ട് ഒരിക്കല്‍ക്കൂടി തീര്‍ച്ചപ്പെടുന്നു.)
അര്‍ജുന ഉവാച-
ജ്യായസീ ചേത് കര്‍മണസ്‌തേ
മതാ ബുദ്ധിര്‍ജനാര്‍ദന
തത് കിം കര്‍മണി ഘോരേ മാം
നിയോജയസി കേശവ.
അര്‍ജുനന്‍ പറഞ്ഞു-
ജ്ഞാനം കര്‍മത്തേക്കാള്‍ ശ്രേഷ്ഠമാണെന്നാണ് അങ്ങയുടെ അഭിപ്രായമെങ്കില്‍, ഹേ കേശവാ, പിന്നെന്തിനാണ് ഘോരകര്‍മം ചെയ്യാന്‍ അങ്ങെന്നെ പ്രേരിപ്പിക്കുന്നത്?
കര്‍മത്തെ ഇകഴ്ത്തുന്ന പതിവ് അക്കാലത്തേ ജനസാമാന്യത്തില്‍ ഉണ്ടായിരുന്നു എന്നുകൂടി ഈ ചോദ്യം സൂചിപ്പിക്കുന്നുണ്ട്. പുരാണങ്ങളും തന്ത്രമന്ത്രങ്ങളും കാണാപ്പാഠം പഠിക്കുന്നതാണ് അറിവായി അന്നേ പരിഗണിക്കപ്പെട്ടത്. അത് പരമപ്രധാനമെന്ന് ആളുകള്‍ കരുതി. അതുള്ളവര്‍ വലിയവരെന്നും കണക്കാക്കപ്പെട്ടു. ഒരു പണിയും ചെയ്യാതിരിക്കലാണ് അവരുടെ സമ്പ്രദായം. അതാണ് യോഗ്യതയുടെ ലക്ഷണം. സര്‍വസംഗപരിത്യാഗം എന്ന ഓമനപ്പേര്‍ ആ നിലപാടിന് പതിച്ചു കിട്ടി. പണിയെടുക്കുന്നവന്‍ കീഴാളന്‍. ''മാന്യനായ എന്നെ നീചമായതിന് എന്തിന് പ്രേരിപ്പിക്കുന്നു? എന്നാണ് അര്‍ജുനന്റെ ന്യായമായ ചോദ്യം. കൃഷ്ണന്‍ പ്രതിപാദിക്കുന്ന അറിവ് ആ അറിവല്ല എന്ന് അര്‍ജുനന് ശരിയായി മനസ്സിലായിട്ടില്ല. അക്കാലത്ത് (ദേഹം വിയര്‍ക്കുന്ന ജോലി മാന്യമല്ലെന്ന ധാരണ തുടരുന്ന ഇക്കാലത്തും) ഗീതയിലെ രണ്ടാമദ്ധ്യായം ഈ സംശയം വായനക്കാരില്‍ ഉളവാക്കാനിടയുണ്ട്.





