
ഗീതാദര്‍ശനം - 63
Posted on: 21 Nov 2008
സി. രാധാകൃഷ്ണന്‍
സാംഖ്യയോഗം
അര്‍ഥശങ്കവരാതിരിക്കാന്‍ കുറച്ചുകൂടി വിശദമാക്കുന്നു:
ആപൂര്യമാണമചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത് കാമാ യം പ്രവിശന്തി സര്‍വേ
സ ശാന്തിമാപ്‌നോതി ന കാമകാമീ
നിറവോടെ സ്ഥിരമായിരിക്കുന്ന സമുദ്രത്തിലേക്ക് നദികള്‍ മുതലായവയിലെ ജലം എപ്രകാരം പ്രവേശിക്കുന്നുവോ അങ്ങനെ സര്‍വവിഷയങ്ങളും യാതൊരു മുനിയില്‍ പ്രവേശിക്കുന്നുവോ അവന്‍ ശാന്തിയെ പ്രാപിക്കുന്നു. വിഷയേച്ഛയുള്ളവന്‍ പ്രാപിക്കുന്നില്ല.
സമുദ്രം വെള്ളമന്വേഷിച്ച് എങ്ങും പോകുന്നില്ല. ജലത്തിനായി ഇച്ഛിക്കുന്നില്ല. അതേസമയം തന്നില്‍ വന്നുചേരുന്ന ജലത്തെ തടുക്കുകയോ വെറുക്കുകയോ ചെയ്യുന്നുമില്ല. ബുദ്ധിമാന്മാര്‍ ഇന്ദ്രിയാനുഭവങ്ങളോടു പുലര്‍ത്തേണ്ട സമീപനം ഇതാണ്. 'ഭോഗത്തിനായിട്ടു കാംക്ഷിക്കയും വേണ്ട, ഭോഗം വിധിമതം വര്‍ജിക്കയും വേണ്ട' എന്ന് ഭാഷാപിതാവ് കൂട്ടിയ കണക്ക് കിറുകൃത്യം!
ഇനിയും സംശയമുണ്ടെങ്കില്‍-
വിഹായ കാമാന്‍ യഃ സര്‍വാന്‍
പുമാംശ്ചരിതി നിസ്പൃഹഃ
നിര്‍മമോ നിരഹങ്കാരഃ
സ ശാന്തിമധിഗച്ഛതി.
കൂടുതലായി എന്തെങ്കിലും തന്‍േറതാകണമെന്ന കാമനയോ കൈവന്ന എന്തിനോടെങ്കിലും മമതയോ എന്തെങ്കിലുമൊന്നിനെ പിരിയാന്‍ മടിയോ ഇല്ലാതെ, യാതൊരുവന്‍ നിരഹങ്കാരിയായി ജീവിതപ്പാതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നുവോ അവനു ശാന്തി കൈവരുന്നു.
സംന്യാസത്തിനു ഗീത കല്പിക്കുന്ന അര്‍ഥം ഇവിടെ സ്ഫുടമാവുന്നു. വിഷയങ്ങളെയോ കര്‍മങ്ങളെയോ അല്ല മനസ്സിന് അവയോടുള്ള അടിമത്തത്തെയാണ് അടിമുടി പരിത്യജിക്കേണ്ടത്. എവ്വിധമുള്ള അഹങ്കാരവും ഉണ്ടായിരിക്കാനും പാടില്ല. അതായത്, ഒന്നും നിഷിദ്ധമല്ല. ഇന്ദ്രിയങ്ങളെ കൊല്ലുന്നതുകൊണ്ട് ഒരു കാര്യവുമില്ല എന്ന് വഴിയേ പറയുന്നുമുണ്ട്. ('നിഗ്രഹം കിം കരിഷ്യതി?') മനപ്പാകമാണ് ഒരുവനെ സംന്യാസിയാക്കുന്നത്.
(തുടരും)





